വൃക്കരോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരെ “ശിക്ഷിക്കാന്‍” ഡോക്‌ടര്‍മാരുടെ സംഘടനയും മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലും സൂപ്രണ്ടും

0

കൊച്ചി : രോഗിയില്‍ തുന്നിച്ചേര്‍ക്കാനുള്ള അവയവം ഗ്രീന്‍ ചാനലിലൂടെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അത്‌ ഏറ്റുവാങ്ങാന്‍ ആളുണ്ടാകണം. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകേണ്ടതു ലിഫ്‌റ്റിലാണെങ്കില്‍ അത്‌ മറ്റുള്ളവരെ ഒഴിവാക്കി പിടിച്ചിട്ടിരിക്കണം.
വിവിധ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ ഏകോപനവും ധാരണയുമുണ്ടാകണം. ജീവന്‍ നഷ്‌ടപ്പെടാത്തവിധം രോഗിയില്‍ അവയവം വച്ചുപിടിപ്പിക്കുകയും അത്‌ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതുവരെ എല്ലാവരുടെയും കൂട്ടായ പങ്കാളിത്തമുണ്ടാകണം. ഇതിനെല്ലാമുള്ള ബാധ്യത ഡോക്‌ടറുടേതു മാത്രമല്ല.
ഏകോപന സംവിധാനത്തിന്റെയാകെ തകരാറാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ സംഭവിച്ചതെന്നും പ്രമുഖ ഡോക്‌ടര്‍മാര്‍ പറയുന്നു. തിരുവനന്തപുരത്തു സംഭവിച്ചത്‌ കൃത്യമായ ഏകോപനമില്ലായ്‌മ മൂലമുണ്ടായ പിഴവാണെന്ന്‌ മുപ്പതോളം അവയവമാറ്റ ശസ്‌ത്രക്രിയകള്‍ക്കു നേതൃത്വം കൊടുത്ത കൊച്ചിയിലെ പ്രമുഖ ഡോക്‌ടര്‍ പറഞ്ഞു.
ഹൃദയമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ സമയം പരമാവധി ആറുമണിക്കൂറാണ്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്‌തിയില്‍നിന്ന്‌ ഹൃദയം നാലു മണിക്കൂറിനകം രോഗിയുടെ ശരീരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രതികരണം ലഭിക്കും.
വൃക്ക മാറ്റിവയ്‌ക്കുന്നതിന്‌ 12 മണിക്കൂര്‍ വരെ സമയമെടുക്കാം. അക്കാരണത്താലാണ്‌ പലപ്പോഴും റോഡ്‌ മാര്‍ഗം വൃക്ക എത്തിക്കാറുള്ളത്‌. അതിനാല്‍ തിരുവനന്തപുരത്തു രോഗിയുടെ മരണം സംഭവിച്ചത്‌ വൃക്ക എത്തിക്കാന്‍ വൈകിയതുകൊണ്ടല്ലെന്നു കരുതണം.
ഡയാലിസിസിനും മറ്റും ഡോക്‌ടര്‍മാര്‍ക്കു പങ്കില്ലെങ്കിലും ഏതു ഡോക്‌ടറായിരിക്കും ശസ്‌ത്രക്രിയയ്‌ക്കു തയാറായി നില്‍ക്കുന്നതെന്ന്‌ അവയവ സ്വീകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അറിവുണ്ടാകും.
ഡോക്‌ടറുടെ പൂര്‍ണ സന്നദ്ധത ലഭിച്ചതിനു ശേഷമേ രോഗിയെ അവയവമാറ്റത്തിന്‌ സജ്‌ജനാക്കാനുള്ള സമയം നിശ്‌ചയിക്കൂ. അപ്രകാരം തിരുവനന്തപുരത്തെ ഡോക്‌ടര്‍മാര്‍ സന്നദ്ധത അറിയിച്ചതിനു ശേഷമാണ്‌ രോഗിയെ ആശുപത്രിയിലെത്തിച്ചത്‌. അതിനാല്‍, ഡോക്‌ടര്‍മാരുടെ ഭാഗത്ത്‌ വീഴ്‌ചയുണ്ടായെന്നു പറയാനാകില്ല.
വൃക്ക എറണാകുളത്തുനിന്ന്‌ ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാനാളില്ലാതെ ആശയക്കുഴപ്പമുണ്ടായതാണ്‌ തിരുവനന്തപുരത്ത്‌ വിമര്‍ശനത്തിന്‌ ഇടയാക്കിയത്‌.
സുരക്ഷാ ജീവനക്കാരടക്കം അതിനു തയാറായിരിക്കണം. തിരുവനന്തപുരത്ത്‌ ഗ്രീന്‍ ചാനല്‍ വഴിയെത്തിച്ച വൃക്ക സ്വീകരിക്കാന്‍ ആരുമില്ലാതിരുന്നത്‌ സംവിധാനത്തിന്റെ മാത്രം തകരാറാണെന്നു ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വിവാദം അവയവദാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാകാന്‍ ഇടയുണ്ടെന്ന ആശങ്കയും ഡോക്‌ടര്‍മാര്‍ പങ്കുവച്ചു.

രക്ഷിക്കാന്‍ ശ്രമിച്ചവരെ “ശിക്ഷിക്കാന്‍” ഡോക്‌ടര്‍മാര്‍!

തിരുവനന്തപുരം: വൃക്കരോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരെ “ശിക്ഷിക്കാന്‍” ഡോക്‌ടര്‍മാരുടെ സംഘടനയും മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലും സൂപ്രണ്ടും. വൃക്ക അടങ്ങിയ പെട്ടി പുറത്തുനിന്നുള്ളവര്‍ എടുത്തുകൊണ്ട്‌ ഓടിയെന്നും ഓപ്പറേഷന്‍ തീയറ്ററിന്റെ മുന്നില്‍ ബഹളംവച്ചുവെന്നുമാണ്‌ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതി. പോലീസ്‌ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here