അഗ്നിപഥത്തില്‍ എരിഞ്ഞ് രാജ്യം, ഉറച്ച് കേന്ദ്രം, പിന്നോട്ടില്ലെന്ന് സൂചന നല്‍കി സൈന്യം, 12 ട്രെയിനുകള്‍ക്കു തീയിട്ടു

0

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ തുടര്‍ച്ചയായ മൂന്നാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കലാപത്തില്‍ ഒരുമരണം, ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. 11 ഇടങ്ങളിലായി കൂടുതല്‍ 12 ട്രെയിനുകള്‍ അഗ്നിക്കിരയാക്കി. സെക്കന്തരാബാദില്‍ പ്രതിഷേധം അക്രമാസക്തമായതിനേത്തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടത്. വാറങ്കല്‍ സ്വദേശിയായ രാജേഷാ(19)ണു മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനഞ്ചിലേറെപ്പേര്‍ക്കു പരുക്കേറ്റു.
പദ്ധതിയില്‍നിന്നു പിന്നോട്ടില്ലെന്നു കേന്ദ്ര സര്‍ക്കാരും സൈന്യവും സൂചന നല്‍കി. പദ്ധതിയെ ശക്തമായി പിന്താങ്ങി സേനാ മേധാവിമാര്‍ രംഗത്തെത്തി. രാജ്യത്തെ സേവിക്കാന്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നും സൈനിക പരിശീലനം ഭാവി ജീവിതം ഭദ്രമാക്കാന്‍ അവരെ സജ്ജരാക്കുമെന്നും സേനാ മേധാവിമാര്‍ അഭിപ്രായപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങള്‍ അറിയാതെയാണെന്നും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേ സമയം, അഗ്നിപഥിനെതിരായ പ്രക്ഷോഭം ഇന്നലെ തെക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ക്കു തീയിട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. എന്നാല്‍, സുരക്ഷാസേനയേക്കാള്‍ കൂടുതല്‍ അക്രമികള്‍ റെയില്‍വേ സ്‌റ്റേഷനിലുള്ളതു സ്ഥിതിഗതികള്‍ വഷളാക്കി.
അയ്യായിരത്തോളം പ്രക്ഷോഭകരാണു സ്‌റ്റേഷനിലുണ്ടായിരുന്നതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. യാത്രക്കാരുടെ സാധനസാമഗ്രികള്‍ നശിപ്പിക്കപ്പെട്ടെങ്കിലും അവരെ റെയില്‍വേ പോലീസ് സുരക്ഷിതമായി സ്‌റ്റേഷനു പുറത്തെത്തിച്ചു. ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, രാജ്‌കോട്ട് എക്‌സ്പ്രസ്, അജന്താ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണു തീയിട്ടത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.

  • ബിഹാറില്‍ ഇന്നു ബന്ദ്;
    ഉപമുഖ്യമന്ത്രിയുടെ വീടാക്രമിച്ചു

ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കലാപം തുടരുകയാണ്. ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിനുനേരേ ആക്രമണമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ബിഹാറിലാണ് അഗ്നിപഥിനെതിരായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതു പിന്നീട് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇന്നലെ തെക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. അഗ്നിപഥിനെതിരേ ബിഹാറില്‍ ആര്‍.ജെ.ഡി. ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന് എന്‍.ഡി.എ. സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 ജില്ലകളില്‍ നാളെ വരെ ഇന്റര്‍നെറ്റ് സേവനം വിച്‌ഛേദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here