കായവും വെളിച്ചെണ്ണയുമടക്കം മിക്ക സാധനങ്ങളും സംസ്‌ഥാനത്തു കിട്ടാക്കനിയായിട്ടും സപ്ലൈകോ ഉത്‌പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ എം.ഡിയെ വിദേശത്തേക്ക്‌ അയയ്‌ക്കുന്നു!

0

തിരുവനന്തപുരം : കായവും വെളിച്ചെണ്ണയുമടക്കം മിക്ക സാധനങ്ങളും സംസ്‌ഥാനത്തു കിട്ടാക്കനിയായിട്ടും സപ്ലൈകോ ഉത്‌പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ എം.ഡിയെ വിദേശത്തേക്ക്‌ അയയ്‌ക്കുന്നു! അടുത്തിടെ ലക്ഷങ്ങള്‍ ചെലവിട്ട്‌ കെ.എസ്‌.ആര്‍.ടി.സിയുടെ സി.എം.ഡിയെ വിദേശത്തേക്ക്‌ അയച്ചതിനു പിന്നാലെയാണിത്‌.
സപ്ലൈകോയുടെ ശബരി ഉത്‌പന്നങ്ങള്‍ക്കു വിദേശവിപണി കണ്ടെത്താനാണ്‌ എം.ഡി. ഡോ.സഞ്‌ജീബ്‌ കുമാര്‍ പട്‌ജോഷി വിമാനം കയറുന്നത്‌. കേന്ദ്രസര്‍ക്കാര്‍കൂടി കനിഞ്ഞാല്‍ 20-ന്‌ അദ്ദേഹം അബുദാബിയിലേക്കു പറന്നേക്കും. സംസ്‌ഥാനത്തെ ഔട്ട്‌ലെറ്റുകളില്‍പ്പോലും ആവശ്യത്തിനു ശബരി ഉത്‌പന്നങ്ങള്‍ കിട്ടാനില്ലാത്തപ്പോഴാണിത്‌. ശബരി ഉത്‌പന്നങ്ങള്‍ യു.എ.ഇ. വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണു യാത്രാനുമതിയെന്നാണു സര്‍ക്കാര്‍ വിശദീകരണം. സപ്ലൈകോ ഉത്‌പന്നങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നതു റെയ്‌കോയാണ്‌. സംസ്‌ഥാനത്തു കായത്തിനും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ശബരി വെളിച്ചെണ്ണയ്‌ക്കും ക്ഷാമമുണ്ട്‌. സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കാനാണു റെയ്‌കോയെ ചുമതലപ്പെടുത്തിയതുതന്നെ.
പല സാധനങ്ങള്‍ക്കും ഗുണനിലവാരമില്ലെന്ന പരാതിയും നിലനില്‍ക്കെയാണു പട്‌ജോഷി വിദേശത്തേക്കു പറക്കുന്നത്‌. ശബരി തേയിലയും ആട്ടയും ഗള്‍ഫ്‌ രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുകയാണു ലക്ഷ്യം. പ്രതിമാസം 25 ടണ്‍ ശബരി തേയില രണ്ട്‌ കണ്ടെയ്‌നറുകളിലായി യു.എ.ഇയില്‍ എത്തിക്കും. ആഴ്‌ചയില്‍ 15 ടണ്‍ വീതം ആട്ടയാണ്‌ ആദ്യമാസം നല്‍കുക. ഇവ വിറ്റഴിക്കാനുള്ള എല്ലാ നടപടിയും യു.എ.ഇയില്‍ സജ്‌ജമായിക്കഴിഞ്ഞാണു വിപണി കണ്ടെത്താനുള്ള യാത്രയെന്നതും വിരോധാഭാസമാണ്‌.
കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയിരിക്കേയാണു സി.എം.ഡി. ബിജു പ്രഭാകറിനെ സെമിനാറില്‍ പങ്കെടുക്കാനും നഗരഗതാഗതത്തെക്കുറിച്ചു പഠിക്കാനും നെതര്‍ലാന്‍ഡിലേക്കു സര്‍ക്കാര്‍ അയച്ചത്‌. ചെലവിനായി ദിവസേന 100 ഡോളറാണു പൊതുഭരണവകുപ്പ്‌ അനുവദിച്ചത്‌. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ ക്ലാസ്‌ മുറികളാക്കുമ്പോഴാണ്‌, “യൂറോപ്പിലെ വൃത്തിയുള്ള ബസുകള്‍” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മേയ്‌ 11, 12 തീയതികളില്‍ ബിജു പ്രഭാകര്‍ പങ്കെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here