കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഈ മാസവും അനിശ്ചിതത്വത്തിൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഈ മാസവും അനിശ്ചിതത്വത്തിൽ. ഇന്ന് ചേർന്ന യോഗത്തിൽ ശമ്പള കാര്യത്തിൽ ഒരു ഉറപ്പും നൽകാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് ബിഎംഎസ് തീരുമാനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കെഎസ്ആർടിസി സിഎംഡി അംഗീകൃത സംഘടനകളുടെ മീറ്റിങ് വിളിച്ചുചേർത്തത്. യോഗത്തിൽ ആമുഖമായി സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്ന വിവരം സംഘടനകളെ അറിയിക്കുന്നതായി സിഎംഡി വ്യക്തമാക്കി.

2022 മെയ് മാസം 193 കോടി രൂപ വരുമാനമുണ്ടായിട്ടും എന്തുകൊണ്ടാണ് ശമ്പളം നൽകാത്തത് എന്ന് യോഗത്തിൽ ബിഎംഎസ് ചോദ്യം ഉന്നയിച്ചു. എന്നാൽ വ്യക്തമായ മറുപടി മേനേജ്മെൻ്റിൽ നിന്നും ഉണ്ടായില്ല. ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധികം തുക നൽകിയെന്ന് കണക്ക് കാണിക്കുകയും ഗതാഗതമന്ത്രി മാസം 40 കോടി രൂപ ഡീസലിന് അധികം നൽകുന്നതിനാലാണ് ശമ്പളം മുടങ്ങുന്നത് എന്ന് പരസ്യമായി പ്രഖ്യാപിച്ചതും സംഘടന യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഈ വിഷയത്തിലും വ്യക്തമായ മറുപടി മാനേജ്മെൻ്റ് നൽകിയില്ല. ശമ്പളം ജൂൺ അഞ്ചിന് മുൻപ് നൽകണം എന്ന ആവശ്യത്തിന് അഞ്ചാം തീയതി നൽകാൻ കഴിയില്ലായെന്നും ജൂൺ 15-ാം തീയതി കഴിയാതെ ശമ്പള കാര്യത്തിൽ ഉറപ്പുപറയാൻ കഴിയില്ല എന്നുമാണ് മാനേജ്മെൻ്റ് അറിയിച്ചത്.

കെഎസ്ആർടിസിയുടെ ദിനംപ്രതിയുള്ള 6 .5 കോടി വരുമാനം ഖജനാവിൽ അടച്ച് സർക്കാരിൻ്റെ ചെലവിനായി വിനിയോഗിച്ചശേഷം കഷ്ടപ്പെടുന്ന ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന പിണറായി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സഎംഡി വിളിച്ചു ചേർത്ത യോഗം ബഹിഷ്ക്കരികുകയും ചെയ്തു. ശമ്പളം അഞ്ചാം തീയതി നൽകിയില്ലെങ്കിൽ ജൂൺ 6 മുതൽ ശക്തമായ പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിഎംഎസ്.

LEAVE A REPLY

Please enter your comment!
Please enter your name here