വിസ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമെന്ന് റിപ്പോർട്ടുകൾ

0

ഷാർജ: വിസ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമെന്ന് റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ജോലി തേടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ രംഗത്തുള്ളത്. മലയാളികൾ അടക്കം നൂറുകണക്കിന് ആളുകളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. അജ്മാൻ, ഷാർജ എന്നീ എമിറേറ്റുകളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

കേരളത്തിനു പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഡൽഹിയുടെ ഉൾഭാഗങ്ങൾ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പാവപ്പെട്ടവരാണു തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീണത്. വാഗ്ദാനം ചെയ്തിരുന്ന ജോലിയോ വൃത്തിയും സൗകര്യവുമുള്ള താമസ സ്ഥലമോ ദിവസം ഒരുനേരമെങ്കിലും കൃത്യമായ ഭക്ഷണമോ ഇല്ലാതെ അജ്മാൻ, ഷാർജ നഗരങ്ങളിലെ കുടുസു മുറികളിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഇവരെല്ലാം. ഷാർജയിലെയും മറ്റും പാർക്കുകളിൽ കനത്ത ചൂടു സഹിച്ചു ഭക്ഷണം പോലുമില്ലാതെ കഴിയുന്നവരും ഏറെ.

വീസാ ഏജന്റുമാർ മുഖേനയല്ലാതെ സ്വന്തമായി സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തിയ ഒട്ടേറെ യുവാക്കളും യുഎഇയുടെ പല ഭാഗത്തും ദുരിതത്തിലാണ്. മൂന്നു മാസത്തോളമായി ജോലി തേടി പൊരിവെയിലത്ത് അലയുന്ന ഇവർക്കു സഹായഹസ്തവുമായി ആരുമെത്തിയിട്ടില്ല. ഇവരെല്ലാം നാട്ടിൽ ചെറുകിട ജോലികൾ ചെയ്തുവരവെയാണു കോവി‍ഡ് വ്യാപകമായത്. ലോക്ഡൗൺ കാലത്തു വെറുതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീടു കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്താണു ഗൾഫ് മോഹം രൂക്ഷമായത്. ഇവിടെ വന്നാൽ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ലെന്നും അതുവഴി ബാധ്യതകൾ തീർത്തു കുടുംബത്തിനു നല്ലൊരു ജീവിതം നൽകാനാകുമല്ലോ എന്നുമായിരുന്നു പ്രതീക്ഷയെന്നു ബിടെക് സിവിൽ എൻജിനീയറായ തൃശൂർ മാമ്പ്ര സ്വദേശി പ്രവീൺ പറയുന്നു.

വിവാഹം കഴിഞ്ഞ് 10 മാസമേ ആയുള്ളൂ. കടം വാങ്ങിയാണു സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനും പണം കണ്ടെത്തിയത്. പരിചയക്കാരനായ ഒരാൾ ഷാർജയിലുണ്ടായിരുന്നത് ഇപ്പോൾ നാട്ടിലാണ്. അതുകൊണ്ടു താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലാണ്. ബയോഡാറ്റയുമായി യുഎഇയിലെ മിക്ക നിർമാണ കമ്പനികളിലും കയറിയിറങ്ങി. ഒടുവിൽ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണു സഹായം തേടി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചത്. പ്രവീണിനു നാട്ടിൽ സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ഫോൺ:+971588124332, +919946485517. ഏതെങ്കിലും മനുഷ്യസ്നേഹിയായ തൊഴിലുടമ തന്നെത്തേടിയെത്തുമെന്നാണു പ്രതീക്ഷ.

കൊല്ലം കുണ്ടറ സ്വദേശി എ.അനീസ്, പത്തനംതിട്ട സ്വദേശി രതീഷ്, കോട്ടയം കറുകച്ചാൽ സ്വദേശി സുബിൻ എന്നിവരും ജോലിയില്ലാതെ വലഞ്ഞു കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയവരാണ്. ഏപ്രിൽ 30നാണ് അനീസ് യുഎഇയിലെത്തിയത്. നാട്ടിൽ നിന്നു ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി സന്ദർശക വീസയും വിമാന ടിക്കറ്റുമെടുത്തു. ജോലി ലഭിക്കാതെ തിരിച്ചുപോയാൽ ആ കടം എങ്ങനെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലാണെന്ന് അനീസ് പറഞ്ഞു. ഫോൺ–+971503995430, വാട്സാപ്പ്: +91 9633730794. രതീഷും സുബിനും ഇതേ ദുരിത കഥ തന്നെയാണു പങ്കുവയ്ക്കാനുള്ളത്. തങ്ങൾ താമസിക്കുന്ന ഷാർജ റോളയിലെ ഫ്ലാറ്റിൽ അൻപതിലേറെ പേർ ഭക്ഷണം പോലും ഇല്ലാതെ കഴിയുകയാണെന്നും വീസാ ഏജന്റിന്റെ തട്ടിപ്പിൽപ്പെട്ടവരാണ് ഇവരെല്ലാമെന്നും രതീഷ് പറഞ്ഞു. മിക്കവരുടെയും വീസാ കാലാവധി കഴിയാറായി. എത്രയും പെട്ടെന്നു ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം ആകെ പ്രതിസന്ധിയിലാകുമെന്ന് ഈ യുവാക്കൾ പറയുന്നു. ഫോൺ–: 971503653725.

LEAVE A REPLY

Please enter your comment!
Please enter your name here