മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേട്ടുകേൾവിയില്ലാത്ത കിരാത നടപടികളുമായി സർക്കാരും കലാപമുണ്ടാക്കാൻ സിപിഎമ്മും ശ്രമിക്കുകയാണ്. സിപിഎം ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും എതിരെ വ്യപക ആക്രമണമാണ് സിപിഎം നടത്തുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.മാധ്യമസമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

കെപിസിസി ഓഫീസ് അടിച്ച് തകർത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും ഗുണ്ടകളെ വിട്ടു. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അതിക്രമിച്ച് വീട് കയറാൻ നിർദ്ദേശിച്ചതും അവരെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടതും. അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ. ഭരിക്കുന്നവരാണ് കലാപം നടത്തുന്നതും തീവെയ്പ് നടത്തുന്നതും ബോബെറിയുമെന്നും പറയുന്നത്. മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വധശ്രമം ഉണ്ടായെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജൻ പത്രസമ്മേളനത്തിന് മുൻപ് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നതോടെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നാണ് ജയരാജൻ ആദ്യം പറഞ്ഞത്. കൊല്ലുമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അവർ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ജയരാജന്റെ ആ നുണ പ്രചരണവും പൊളിഞ്ഞു. നുണ പ്രചരണം നടത്തി യു.ഡി.എഫ് നടത്തുന്ന സമരത്തെ കളങ്കപ്പെടുത്താൻ നടത്തിയ ശ്രമം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.

വിമാനത്തിൽ പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കൊടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയണം. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കണം. അവരെ ആക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. പരാതിയിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും.കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും കൈക്കരുത്ത് അറിയിക്കുമെന്നാണ് അമ്പലപ്പുഴയിലെ എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നിട്ട് കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല.

മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരാൾ പോസ്റ്റിട്ടാൽ അറസ്റ്റ് ചെയ്യില്ലേ? കോഴിക്കോട് തിക്കോടിയിൽ, വീട്ടിൽ കയറി കൊത്തിക്കീറുമെന്നും ശരത്ലാലിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്നുമാണ് ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിച്ചത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യത്തിൽ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത്.ശിശുക്ഷേമ സമിതിയിൽ കൊച്ചിനെ കടത്തിയ നേതാവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. നെന്മാറ എംഎ‍ൽഎ സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പര്യായപദം നിഘണ്ടുവിൽ തേടുന്ന ആളായി മാറിയിരിക്കുകയാണ്.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമങ്ങളിൽ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് സിപിഎം സൈബർ ഗുണ്ടകൾ.

LEAVE A REPLY

Please enter your comment!
Please enter your name here