കുവൈത്ത്‌ മനുഷ്യക്കടത്ത്‌ കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍

0

കുവൈത്ത്‌ മനുഷ്യക്കടത്ത്‌ കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍. ഒന്നാം പ്രതി പത്തനംതിട്ട സ്വദേശിയായ അജുഭവനത്തില്‍ അജുമോനെ(35)യാണ്‌ എറണാകുളം സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതു. കുവൈത്തിലുള്ള രണ്ടാം പ്രതി കണ്ണൂര്‍ സ്വദേശി മജീദിനെതിരേ ഉടന്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കുമെന്നും സൗത്ത്‌ പോലീസ്‌ അറിയിച്ചു.
കുവൈത്തില്‍ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്നു പറഞ്ഞ്‌ വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. തോപ്പുംപടി സ്വദേശിനിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്തില്‍ എത്തിച്ച അജുമോനും മജീദും പറഞ്ഞ ജോലി നല്‍കാതെ യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. തോപ്പുംപടി സ്വദേശിനിയ്‌ക്കൊപ്പം രണ്ട്‌ യുവതികളെയും അയച്ചിരുന്നു. അറബികളുടെ വീട്ടില്‍ ജോലിയ്‌ക്കാണ്‌ തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചത്‌. വിശ്രമം നല്‍കാതെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന്‌ യുവതി പരാതിപ്പെട്ടു. എന്നാല്‍, നാട്ടിലേക്ക്‌ തിരിച്ചയക്കാന്‍ മൂന്ന്‌ ലക്ഷം രൂപ അജുമോനും കണ്ണൂര്‍ സ്വദേശിയും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ സിറിയയില്‍ ഐ.എസ.്‌ ഭീകരരുടെ അടുത്തേയ്‌ക്ക്‌ കയറ്റി അയക്കുമെന്നും ഭീഷണിപ്പെടുത്തി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇവരുടെ അടുത്തു നിന്ന്‌ രക്ഷപെട്ട്‌ എത്തിയ തോപ്പുംപടി സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം സൗത്ത്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.
എറണാകുളം ഷേണായീസ്‌ ജങ്‌ഷനു സമീപത്തെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അജുമോന്‍ ഇതോടെ ഒളിവില്‍ പോയി. ഇയാള്‍ ഒളിവിലിരുന്ന്‌ പ്രന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ജാമ്യത്തിന്‌ ശ്രമിച്ചിരുന്നു. എന്നാല്‍, ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ഫെബ്രുവരി 14നാണ്‌ വീട്ടമ്മയെ വിസിറ്റിങ്‌ വിസയില്‍ ദുബായിലെത്തിച്ചത്‌. റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്നു കൊച്ചിയില്‍ ഉള്‍പ്പെടെ നോട്ടീസ്‌ പതിച്ചാണ്‌ ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്‌. കണ്ണൂര്‍ സ്വദേശിയാണ്‌ വിസ ഇവിടേയ്‌ക്ക്‌ വിസ അയച്ചു കൊടുത്തിരുന്നത്‌. മനുഷ്യക്കടത്ത്‌ സംഘത്തിന്റെ പിടിയില്‍ നിരവധി പേര്‍ അകപ്പെട്ടതായി പോലീസ്‌ സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here