പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാൻ ഇവിടെ പൊലീസുണ്ട്. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തതുകൊണ്ടാണോ സി പി എം ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്? ഞങ്ങളുടെ പാർട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എന്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുത്. സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോൺഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഇനിയും തെരുവുകളിൽ ജനപക്ഷത്ത് തന്നെയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് തന്റെ ഓഫീസ് ആക്രമിക്കാനുള്ള ചരടുവലി നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടാണ് എന്റെ വീട്ടിലേക്ക് ആൾ ഇരച്ചു കയറിയത്. എന്നിട്ടവരെ ജാമ്യത്തിൽ വിട്ടിരിക്കുന്നു. ഇതാണ് നീതി അല്ലേ? ഇത് മഹാനാശത്തിന്റെ തുടക്കമാണെന്ന് ഓർമ്മപ്പെടുത്തുകയാണ്. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങളുടെ കൈക്കരുത്ത് അറിയുമെന്ന് പറഞ്ഞ അമ്പലപ്പുഴ എംഎൽഎയ്‌ക്കെതിരെ കേസെടുത്തോ? സതീശൻ ചോദിച്ചു.

ക്രിമിനലല്ലേ അവൻ. ഒരുത്തൻ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കൊച്ചിനെ കടത്തിയ ഡിവൈഎഫ്‌ഐ നേതാവ്. തിരുവനന്തപുരത്ത് കാലു കുത്താൻ സമ്മതിക്കില്ലെന്നാ അവൻ പറയുന്നേ, ക്രിമിനിലുകളാണിവർ’. മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധവുമായി എത്തിയത്. ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവച്ചു.

കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. പിടിച്ചുവച്ചിരിക്കുന്ന ആളെ പുറത്തുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പിടിച്ചുവച്ചയാളെ പൊലീസിന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മർദിച്ചുവെന്ന് ഇയാൾ ആരോപിച്ചു. കന്റോൺമെന്റ് ഹൗസ് സുരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന പറഞ്ഞാണ് മ്യൂസിയം പൊലീസ് പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here