കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

0

ആലപ്പുഴ: കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊട്ടാരക്കരയിൽ ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ തലസ്ഥാന നഗരിയിൽ സ്കൂൾ കുട്ടികൾക്കും ഭക്ഷ്യവിഷബാധയുണ്ടായി. ഉച്ചക്കടയിലാണ് സംഭവം. എൽഎംഎസ്എൽപി സ്കൂളിലെ 35 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് തിരിച്ചയച്ചു. സംഭവത്തെ തുടർന്ന് സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദ്ദേശം നൽകി.

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആയി ഭക്ഷ്യ വിഷബാധ തുടർ കഥയാവുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണം.അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഊര്‍ജിതമാക്കുന്നതാണ്. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here