സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തില്‍നിന്നു ലക്ഷക്കണക്കിനു രൂപയുടെ തടി ഉടമ അറിയാതെ വില്‍പന നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

0

സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തില്‍നിന്നു ലക്ഷക്കണക്കിനു രൂപയുടെ തടി ഉടമ അറിയാതെ വില്‍പന നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തോട്ടം മാനേജര്‍ ആലപ്പുഴ വെണ്‍മേലില്‍ തോമസ്‌ വി. ജേക്കബ്‌ (ജൂഡി- 49)ആണ്‌ മൂന്നു മാസത്തിനുശേഷം പോണ്ടിച്ചേരിയില്‍നിന്ന്‌ അറസ്‌റ്റിലായത്‌.
കട്ടപ്പന ഡിവൈ.എസ്‌.പി: വി.എ. നിഷാദ്‌മോന്റെ കീഴിലുളള പ്രത്യേക അനേ്വഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രവാസിയായ ജിജി ജേക്കബ്‌ എന്നയാളുടെ പുറ്റടി മണിയംപെട്ടിയിലുള്ള തോട്ടത്തില്‍ മാനേജരായിരിക്കേയാണ്‌ തോട്ടത്തിലെ തേക്കും ഈട്ടിയും അടക്കമുള്ള ലക്ഷക്കണക്കിന്‌ രൂപയുടെ തടി ജൂഡി വെട്ടി വിറ്റത്‌. തുടര്‍ന്ന്‌ ഉടമയുടെ പരാതിയില്‍ അനേ്വഷണം ആരംഭിച്ചതോടെ പ്രതി ഇടുക്കിയില്‍ നിന്നു കടന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞശേഷം ഗോവയിലേയ്‌ക്ക്‌ കടന്ന ഇയാള്‍ പിന്നീട്‌ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം ചേരുകയും മുഴുവന്‍ സമയവും പുറംകടലില്‍ ചെലവഴിച്ച്‌ വരികയുമായിരുന്നു. പുതുച്ചേരി, കാരയ്‌ക്കല്‍, നാഗപട്ടണം എന്നിവിടങ്ങളിലായി മത്സ്യബന്ധന ജോലി ചെയ്‌തുവരവെയാണ്‌ കഴിഞ്ഞ ദിവസം പ്രതി അനേ്വഷണ സംഘത്തിന്റെ പിടിയിലായത്‌. പ്രത്യേക അനേ്വഷണ സംഘാംഗങ്ങളായ എസ്‌.ഐ. സജിമോന്‍ ജോസഫ്‌, സി.പി.ഒ മാരായ ടോണി ജോണ്‍, വി.കെ. അനീഷ്‌ എന്നിവരാണ്‌ പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here