പ്രവാസി ക്ഷേമ കാര്യത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം: പ്രവാസി ക്ഷേമ കാര്യത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രം ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 17 ലക്ഷം പ്രവാസികളാണ് കോവിഡ് കാലത്ത് മടങ്ങിവന്നത്. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരാവാദിത്തമുണ്ട്. മടങ്ങി വരുന്ന പ്രവാസികളുടെ ഡാറ്റ ശേഖരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്രമായ കുടിയേറ്റ നിയമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മുഖ്യമന്ത്രിക്കായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് സന്ദേശം അറിയിച്ചത്.

ലോക കേരള സഭയിലെ ചർച്ചകളിൽ സംസ്ഥാന തലത്തിൽ പരിഹാരം കാണേണ്ടവ വേഗത്തിൽ പരിഹരിക്കും. ദേശീയ-അന്തർദേശീയ തലത്തിൽ പരിഹാരം കാണേണ്ടവ സംബന്ധിച്ച ശുപാർശ സംസ്ഥാനം നൽകും. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡാറ്റ ശേഖരണം നടത്തും. പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സർക്കാർ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടിയാണ് മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത്

LEAVE A REPLY

Please enter your comment!
Please enter your name here