കാൻസറിനെ പടവെട്ടി എസ്.എസ്.എൽ.സി.യിൽ തിളക്കമാർന്ന വിജയം നേടി ബിനിത

0

കോലഞ്ചേരി: കാൻസറിനെ പടവെട്ടി എസ്.എസ്.എൽ.സി.യിൽ തിളക്കമാർന്ന വിജയം നേടി ബിനിത. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ വിജയത്തിന് ഇരട്ടിമധുരമാണ്. അഞ്ച് എ പ്ലസും മൂന്ന് എയുമാണ് ബിനിത നേടിയത്. ചോയിക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളുമായ ബിനിത എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കവെയാണ് കാൻസർ ബാധിതയായത്‌.

നിലവിൽ തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ ചികിത്സയിലാണ്. ചികിത്സക്കിടയിൽ താമസിപ്പിക്കാൻപോലും കഴിയാത്ത അത്രയും ശോച്യാവസ്ഥയിലുള്ള വീടാണ് ബിനിതയുടേത്. അതിനാൽ ഇപ്പോൾ തിരുവനന്തപുരത്തുതന്നെ വാടകക്ക് താമസിക്കുകയാണ് ഇവർ. വളരെ നിർധന കുടുംബത്തിലെ അംഗമായ ബിനിതയുടെ ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പകച്ചുനിന്ന കുടുംബത്തിന് സഹായവുമായി നാട്ടുകാരും സഹപാഠികളും രംഗത്തുവന്നിരുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബിൾ ജോർജ് എന്നിവർ രക്ഷാധികാരികളായും വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ചെയർമാനായും സഹായനിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

ചികിത്സസഹായത്തിനായി വടവുകോട് എസ്.ബി.ഐ ശാഖയിൽ ബിനിത സി.എസ്, A/C Number: 38206744694, IFSC CODE: SBIN 0070316, SBI വടവുകോട് ബ്രാഞ്ച് എന്നപേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 8078034314 എന്ന നമ്പറിൽ ഗൂഗിൾപേ സംവിധാനവും സഹായസമിതി ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here