വിവാഹ വാഗ്‌ദാനം നല്‍കിയ കാമുകന്‍ കാലുമാറിയതോടെ കൊക്കയില്‍ ചാടി ജീവനൊടുക്കാന്‍ മലമുകളില്‍ കയറി ആദിവാസി യുവതി

0

അടിമാലി: വിവാഹ വാഗ്‌ദാനം നല്‍കിയ കാമുകന്‍ കാലുമാറിയതോടെ കൊക്കയില്‍ ചാടി ജീവനൊടുക്കാന്‍ മലമുകളില്‍ കയറി ആദിവാസി യുവതി. ഇരുപത്തിയേഴുകാരിയെ അനുനയിപ്പിച്ചു പോലീസ്‌ രക്ഷിച്ചത്‌ ഒരു മണിക്കൂര്‍ കൊണ്ട്‌.
കുതിരയള ആദിവാസി കുടിയിലാണ്‌ സംഭവം. ഇന്നലെ പുലര്‍ച്ചെ 12-ന്‌ വീടുവിട്ടിറങ്ങിയ യുവതിയെ ഒരുവിധത്തില്‍ സമാധാനിപ്പിച്ച്‌ വീട്ടുകാര്‍ തിരികെയെത്തിച്ചു. മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും യുവതിയെ കാണാതായി. അനേ്വഷിച്ചപ്പോള്‍ പാറക്കെട്ടില്‍ അപകടമുനമ്പില്‍ ഇരിക്കുന്നതായി അറിഞ്ഞു. മാതാപിതാക്കളും ബന്ധുക്കളും ചെന്നെങ്കിലും അടുത്തേയ്‌ക്കു വന്നാല്‍ ചാടുമെന്നായി യുവതി. രാവിലെ 7.15 ന്‌ അടിമാലി എസ്‌.ഐ: കെ.എം. സന്തോഷ്‌, എ.എസ്‌.ഐ: അബ്ബാസ്‌ ടി.എം എന്നിവര്‍ സ്‌ഥലത്തെത്തി.
യുവതിയുമായി സംസാരിക്കാന്‍ എസ്‌.ഐ നടത്തിയ ശ്രമം ആദ്യമൊക്കെ വിഫലമായി. നന്നായി വഴുക്കലുള്ള പാറയില്‍ സൂക്ഷിച്ചിറങ്ങി എസ്‌.ഐ സന്തോഷ്‌ യുവതിയുടെ പരമാവധി അടുത്തെത്തി അനുനയശ്രമം തുടര്‍ന്നു. ആദ്യമൊക്കെ യുവതി ചെവി പൊത്തി. “നിന്റെ എന്തുപ്രശ്‌നത്തിനും പരിഹാരം കണ്ടിട്ടേ ഞാന്‍ പോകൂ” എന്ന എസ്‌.ഐയുടെ വാക്കാണ്‌ ഒടുവില്‍ തുണയായത്‌. എസ്‌.ഐയെ കേള്‍ക്കാന്‍ യുവതി തയാറായി. സ്‌നേഹിച്ചയാള്‍ ചതിച്ചു. അയാളുടെ മുന്നില്‍ ജീവിതം അവസാനിപ്പിക്കാനാണ്‌ താന്‍ വന്നതെന്നും യുവതി പറഞ്ഞു. കുറച്ചുനേരം പാറപ്പുറത്തിരുന്ന്‌ ഇരുവരും സംസാരിച്ചു. എല്ലാ പ്രശ്‌നവും പരിഹരിക്കാമെന്ന്‌ എസ്‌.ഐ പെണ്‍കുട്ടിക്ക്‌ ഉറപ്പും നല്‍കി. തുടര്‍ന്നാണ്‌ എട്ടരയോടെ പാറക്കെട്ടില്‍ നിന്നും യുവതി മടങ്ങാന്‍ തയാറായത്‌.
സ്‌േറ്റഷനില്‍ വരാമെന്നു പറഞ്ഞ യുവതി പിന്നീട്‌ മാതാപിതാക്കള്‍ക്കൊപ്പം എത്താമെന്നായി. ഇതോടെ മാതാപിതാക്കളെ ഏല്‍പ്പിച്ച്‌ പോലീസ്‌ സംഘം മടങ്ങി. സ്‌േറ്റഷനിലെത്തിയ പെണ്‍കുട്ടിക്ക്‌ കൗണ്‍സലിങ്‌ നല്‍കി.
കുടി നിവാസിയായ യുവാവ്‌ വിവാഹ വാഗ്‌ദാനത്തില്‍ നിന്നു പിന്മാറി. മറ്റൊരു യുവതിയുമായി പ്രണയത്തിലുമായി. ഇതാണ്‌ യുവതിയെ സമ്മര്‍ദത്തിലാക്കിയത്‌. യുവാവിനെ സ്‌േറ്റഷനിനിലേക്കു വിളിച്ചെങ്കിലും എത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here