ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

0

തിരുവനന്തപുരം∙ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചെന്നൈയിലാണെന്നും രണ്ടു ദിവസത്തിനകം എത്താമെന്നും ഇരുവരും പൊലീസിനെ അറിയിച്ചു. ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാൻ ഇരുവർക്കും നാളെ നോട്ടിസ് നൽകുമെന്നാണു വിവരം. ഇവരെ പ്രതിയാക്കണോ, അതല്ല സാക്ഷിയാക്കണോ എന്നതിൽ പിന്നീടു തീരുമാനമെടുക്കും.‘‘ഇപ്പോൾ നിങ്ങൾ പറഞ്ഞതു കൊണ്ട് ആർക്കാണ് കേടുപാടുണ്ടായത്, അവരിൽനിന്നു പണം വാങ്ങണം’’ – എന്ന് ഷാജ് കിരൺ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞിരുന്നു. സംസ്ഥാന പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ഷാജ് കിരണിന്റെ വാക്കുകൾ. ഈ വാചകങ്ങൾ പൊലീസ് ഉദ്യോഗസ്ഥനും ഷാജിനും ഒരുപോലെ കുടുക്കാകുന്നതാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു സ്വപ്ന മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകിയത്. ഈ മൊഴികൾ ആർക്കാണോ കേ‍ടുപാടുണ്ടാക്കിയത് അവരോടു വിലപേശി പണം വാങ്ങണമെന്ന പ്രേരണയാണു ഷാജ് കിരൺ സ്വപ്നയ്ക്കു നൽകുന്നത്. ഇത്തരത്തിൽ പണം ലഭിക്കാൻ, മജിസ്ട്രേട്ടിനു മുൻപാകെ നൽകിയ മൊഴികൾ തള്ളിപ്പറഞ്ഞ്, അതു റെക്കോർഡ് ചെയ്തു തന്നെ ഏൽപ്പിക്കണമെന്ന നിർദേശമാണു ഷാജ് കിരൺ സ്വപ്നയ്ക്കു മുന്നിൽ വയ്ക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണു മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും സ്വർണക്കടത്തിൽ സംശയത്തിന്റെ നിഴലിലാക്കിയ ‘ബിരിയാണി പാത്രം’ പരാമർശം സ്വപ്ന നടത്തുന്നത്. അന്നു രാത്രിയാണു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ശേഷം ഷാജ് കിരൺ, രഹസ്യമൊഴി തള്ളിപ്പറയാൻ പിറ്റേന്നു രാവിലെ 10 മണി വരെ സ്വപ്നയ്ക്കു സമയം നൽകുന്നത്. അതു ചെയ്തില്ലെങ്കിൽ അറസ്റ്റുണ്ടാവുമെന്നു ഭീഷണിപ്പെടുത്താനും ഷാജ് ശ്രമിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിയെയും കുടുംബത്തെയും ബ്ലാക്മെയിൽ ചെയ്യാനുള്ള ഗൂഢാലോചനയ്ക്കു പദ്ധതിയിടുന്നതിനു തുല്യമായ ഇടപെടൽ ഷാജ് നടത്തിയതിനുള്ള തെളിവായാണ് ഈ സംഭാഷണത്തെ നിയമകേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

എഡിജിപിമാരായ എം.ആർ.അജിത്കുമാർ, വിജയ് സാഖ്റെ എന്നിവരുമായാണു ഷാജ് കിരൺ ബന്ധപ്പെട്ടതെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ആരുടെ നിർദേശപ്രകാരമാണു രഹസ്യമൊഴി തള്ളിപ്പറഞ്ഞ് അതു ഫോണിൽ റെക്കോർഡ് ചെയ്തു കൈമാറാൻ ഷാജ് നിർദേശിച്ചതെന്നു കണ്ടെത്തണമെങ്കിൽ ഷാജിനെ ചോദ്യം ചെയ്യണം. സംസ്ഥാന പൊലീസിലെ 2 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു സംഭവത്തിൽ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമായതോടെയാണ് ഷാജ് കിരണിന്റെ അറസ്റ്റ് നീളുന്നത്. കേസിൽ ഷാജ് കിരണിന്റെ പങ്കാളിത്തം വ്യക്തമാകുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന ഉടൻ അറസ്റ്റ് ചെയ്യാവുന്നതാണെങ്കിലും പിന്നീട് ഇയാൾ നടത്താൻ സാധ്യതയുള്ള വെളിപ്പെടുത്തലുകൾ പൊലീസിനു നാണക്കേടായേക്കാമെന്നു വിലയിരുത്തിയാണു ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here