ആ വിമാനടിക്കറ്റ് മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രം? വിജയ്ബാബുവിന്റെ വരവിൽ അവ്യക്തത; ടിക്കറ്റ് റദ്ദാക്കിയെന്നും സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

0

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലേക്കു മടങ്ങുന്ന കാര്യത്തിൽ അവ്യക്തത. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം വിജയ് ബാബു ഇന്നാണു മടങ്ങിയെത്തേണ്ടത്. എന്നാൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമാണു വിമാനടിക്കറ്റെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതിനു പുറമേ വിജയ്ബാബുവിനെതിരെ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്.

ഈ സാഹചര്യത്തിൽ വിജയ്ബാബുവിനെ വിമാനത്താവളത്തിൽ വച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാൻ നിയമതടസ്സമില്ല. ഈ സാഹചര്യത്തിൽ അറസ്റ്റിനു വഴങ്ങാൻ തയാറല്ലെങ്കിൽ വിജയ്ബാബു ഇന്നു നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനാണു സാധ്യത.

അതേസമയം വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിനിടെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതി മുൻപാകെ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ്. മെയ് 30-ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.

നാട്ടിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജിക്കാരൻ നാട്ടിലെത്തിയതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കൂടാതെ ബലാത്സംഗക്കേസിൽ നാട്ടിൽ തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കുന്നതിന് നടൻ വിജയ് ബാബുവിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മെയ് 30-നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 30-ന് ദുബായിൽ നിന്ന് തിരിച്ചെത്താമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി മടക്ക ടിക്കറ്റ് നടൻ ഹാജരാക്കിയിരുന്നുവെങ്കിലും ഇന്ന് തിരിച്ചെത്തിയേക്കില്ലെന്നാണ് സൂചന.

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് നടൻ റദ്ദാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ വേണ്ടി മാത്രമാണ് മടക്ക ടിക്കറ്റ് ഹാജരാക്കിയതെന്ന് ആക്ഷേപമുണ്ട്.

നേരത്തെ മെയ് 19-ന് പോലീസിന് മുന്നിൽ ഹാജരാകാമെന്നറിയിച്ച വിജയ് ബാബു ഇത് പാലിക്കാതെ ജോർജിയയിലേക്ക് കടന്നിരുന്നു. മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാൻ നിയമോപദേശം ലഭിച്ച വിജയ് ബാബു തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നടൻ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

ധാരാളം ആളുകൾ വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. വിജയ് ബാബുവിന്റെ സുഹൃത്തായ നടിയേയും ചോദ്യം ചെയ്യും. വിവാഹ മോചിതായായ ഇവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

അതിനിടെ ക്രെഡിറ്റ് കാർഡുകൾ എത്തിച്ചുനൽകിയ യുവനടനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കൂടുതൽ ചോദ്യം ചെയ്യൽ. വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന.

ദുബായിൽ ഒരുമാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കൈയിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ നടനോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധു കാർഡ് എത്തിച്ച് നൽകുകയായിരുന്നു. തുടർന്ന് നടൻ ദുബായിലെത്തിയാണ് കാർഡുകൾ കൈമാറിയത്. കേസിൽ മുൻകൂർജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, വിജയ് ബാബു നിർമ്മിച്ച ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തഴഞ്ഞത് രാഷ്ട്രീയ വിവാദം ഒഴിവാക്കാനെന്ന ചർച്ച സജീവമാകുന്നു. പുതുമുഖ നടി വിജയ് ബാബുവിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചതിന്റെ പേരിലാണ് ഹോമിനെ അവാർഡിന് പരി​ഗണിക്കാതിരുന്നത് എന്ന ചർച്ചകളാണ് സജീവമാകുന്നത്. ഹോമിനെ അവാർഡിന് പരി​ഗണിച്ചാൽ സംസ്ഥാന സർക്കാർ ബലാത്സം​ഗക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നു എന്ന പ്രചാരണം സർക്കാരിനെതിരെ ഉയരുമെന്നും, അതുവഴി തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള സിനിമാ മേഖലയിൽ ഉയരുന്ന വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here