അഞ്ചുവയസുകാരന്‍ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന്‌ അതിക്രൂരമായി മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കിയ കേസിന്റെ വിചാരണ മുട്ടം കോടതിയില്‍ ആരംഭിച്ചു

0

തൊടുപുഴ: അഞ്ചുവയസുകാരന്‍ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന്‌ അതിക്രൂരമായി മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കിയ കേസിന്റെ വിചാരണ മുട്ടം കോടതിയില്‍ ആരംഭിച്ചു. ഷെഫീക്കിന്റെ പിതാവ്‌ ഷെരീഫ്‌, രണ്ടാനമ്മ അനീസ എന്നിവരാണ്‌ കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന്‌ ഒന്‍പതു വര്‍ഷമായപ്പോഴാണ്‌ വിചാരണ നടപടികള്‍ തുടങ്ങിയതെന്ന പ്രത്യേകതയും കേസിനുണ്ട്‌.
സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്‌ഥമായി ഇതില്‍ പരുക്കേറ്റ ആളെ വിസ്‌തരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്‌. കുട്ടിയെ പരുക്കേറ്റ നിലയില്‍ കണ്ടവരും ബന്ധുക്കളും ഉള്‍പ്പെടെയുള്ള 21 സാക്ഷികളാണ്‌ കേസിലുള്ളത്‌. രണ്ട്‌ ദിവസങ്ങളിലായി നടന്ന വിചാരണയില്‍ ആറ്‌ സാക്ഷികളെ വിസ്‌തരിച്ചു. ഇതില്‍ രണ്ടാനമ്മ അനീസയുടെ മാതാവ്‌ സുബൈദയും സഹോദന്‍ അനീഷും പ്രോസിക്യൂഷന്‌ അനുകൂലമായാണ്‌ കോടതിയില്‍ മൊഴി നല്‍കിയത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ. പി.എസ്‌. രാജേഷാണ്‌ ഹാജരാകുന്നത്‌.
2013 ജൂലൈ 15നാണ്‌ കേസിനാസ്‌പദമായ സംഭവം. കുമളി ചെങ്കരയിലെ വീട്ടിലാണ്‌ കുട്ടിക്ക്‌ ക്രൂരമായ മര്‍ദനമേറ്റത്‌. ഇടതുകാലിന്റെ രണ്ടിടത്തും പൊട്ടലും ദേഹത്ത്‌ പൊള്ളലും തലച്ചോറിന്‌ ക്ഷതവും ഏറ്റനിലയിലാണ്‌ കുട്ടിയെ സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ ആദ്യം എത്തിച്ചത്‌.
വീണു പരുക്കേറ്റതാണെന്ന രക്ഷിതാക്കളുടെ മറുപടിയില്‍ സംശയം തോന്നിയ സെന്റ്‌ ജോണ്‍സ്‌ ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇടുക്കി ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന പി.ജി.ഗോപാലകൃഷ്‌ണന്‍ അനേ്വഷണത്തിനായി കട്ടപ്പന ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കുമളി എസ്‌.എച്ച്‌.ഒക്ക്‌ സംഭവത്തെക്കുറിച്ച്‌ അനേ്വഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അനേ്വഷണത്തില്‍ പിതാവും രണ്ടാനമ്മയും അറസ്‌റ്റിലായി. ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരമാണ്‌ ഇവര്‍ക്കെതിരെ കേസെടുത്തത്‌.
ഒന്നാംപ്രതി ഷെരീഫിന്‌ ആദ്യഭാര്യയില്‍ ഷെഫീക്കിനു പുറമെ മറ്റൊരുകുട്ടിയുമുണ്ട്‌. മര്‍ദ്ദനത്തില്‍ തലച്ചോറിനു ക്ഷതവും ശരീരത്ത്‌ മാരകമായി പരുക്കുമേറ്റ കുട്ടിയെ വിദഗ്‌ധ ചികില്‍സയ്‌ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.
ദീര്‍ഘനാള്‍ ചികില്‍സ നല്‍കിയെങ്കിലും തലച്ചോറിന്‌ ക്ഷതം സംഭവിച്ചതിനാല്‍ കുട്ടിക്ക്‌ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതിനിടെ അംഗന്‍വാടി അധ്യാപികയായ വാഗമണ്‍ കോലാഹലമേട്‌ സ്വദേശിനി രാഗിണിയെ കുട്ടിയുടെ കെയര്‍ടേക്കറായി സര്‍ക്കാര്‍ നിയോഗിച്ചു. പിന്നീട്‌ ഷെഫീക്കിന്റെ സംരക്ഷണച്ചുമതല പൂര്‍ണമായും 2014 ജൂലൈ 21 മുതല്‍ അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളജ്‌ മാനേജ്‌മെന്റ്‌ ഏറ്റെടുക്കുകയായിരുന്നു. ഷെരീഫിനെ സംരക്ഷിക്കുന്ന രാഗിണിക്ക്‌ സാമൂഹിക നീതി വകുപ്പിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ ശമ്പളം ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി കാത്തിരിക്കുകയാണ്‌ രാഗിണി

LEAVE A REPLY

Please enter your comment!
Please enter your name here