വൈദ്യനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കും

0

മലപ്പുറം : ഒറ്റമൂലിയുടെ രഹസ്യമറിയാനായി നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കും. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധുവടക്കം അഞ്ചുപേര്‍ക്കായാണു തെരച്ചില്‍ തുടരുന്നത്‌. ക്രൂരപീഡനത്തിനിടെ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പോലീസ്‌ കസ്‌റ്റഡിയിലുള്ള പ്രതി നൗഷാദുമായി പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മരക്കുറ്റി കണ്ടെത്തിയത്‌.
ഷൈബിന്‍ അഷ്‌റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്‌തനുമായ നിലമ്പൂര്‍ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്റെ വീട്ടില്‍ വെള്ളിയാഴ്‌ചയും നിലമ്പൂര്‍ മുക്കട്ട പഴയ പോസ്‌റ്റ്‌ ഓഫീസിനു സമീപമുള്ള ഷമീമിന്റെ വീട്ടില്‍ ശനിയാഴ്‌ചയും പോലീസ്‌ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇരുവരും ഒളിവിലാണ്‌. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ്‌(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട്‌ സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത്‌ നൗഷാദ്‌(41), ൈഡ്രവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്‌ എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ശേഷിക്കുന്ന അഞ്ചു പ്രതികള്‍ക്കായാണ്‌ അന്വേഷണം.
മൂലക്കുരു ചികിത്സയ്‌ക്കുള്ള ഒറ്റമൂലിയുടെ ചേരുവ കൈക്കലാക്കാനായാണ്‌ മൈസൂരു സ്വദേശിയായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നു ഒരു വര്‍ഷത്തിലേറെ ഷൈബിന്റെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്‌.
രഹസ്യം വെളിപ്പെടുത്താതിരുന്ന ഇയാള്‍ പീഡനത്തിനിടെ മരിച്ചു. മൃതദേഹം വെട്ടി നുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞത്‌. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷൈബിനെതിരേ വീണ്ടും കൊലപാതക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.ഷൈബിന്റെ ബിസിനസ്‌ പങ്കാളിയായിരുന്ന മുക്കം സ്വദേശി ഹാരിസിനെ ഷൈബിന്‍ കൊലപ്പെടുത്തിയതാകാമെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തുണ്ട്‌. ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
വയനാട്‌ ബത്തേരി സ്വദേശിയുടെ മരണത്തിലും ഷൈബിന്റെ ബിസിനസ്‌ പങ്കാളി ദുബായില്‍ ആത്മഹത്യ ചെയ്‌തതിലും ദുരൂഹതയേറുന്നുണ്ട്‌.
റിട്ട. എസ്‌.ഐ അടക്കമുള്ളവരുടെ സഹായവും ഇയാള്‍ക്കു ലഭിച്ചതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. വയനാട്‌ സ്വദേശിയായ ഇയാളും ഒളിവിലാണ്‌. നിലമ്പൂര്‍ റെയില്‍വെ സ്‌റ്റേഷന്‌ സമീപം രാധാകൃഷ്‌ണന്‍ നായര്‍ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ്‌ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്‌. ഈ പുളിമരം, മര വ്യാപാരിയായ പറമ്പാടന്‍ ഉമ്മറിനാണ്‌ രാധാകൃഷ്‌ണന്‍ വിറ്റത്‌.
ഇയാളില്‍ നിന്നാണ്‌ ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി നുറുക്കിയ നൗഷാദ്‌ ഒന്നര മീറ്റര്‍ നിളമുള്ള മരക്കഷണം വാങ്ങിയത്‌.
കൊലപാതകത്തിനു തൊട്ടടുത്ത ദിവസമാണ്‌ മരക്കഷ്‌ണം വാങ്ങിയത്‌. വെട്ടി നുറുക്കാന്‍ അനുയോജ്യവും ബലമുള്ളതുമായതിനാലാണ്‌ പുളിമരക്കഷ്‌ണം തെരഞ്ഞെടുത്തതെന്നു നൗഷാദ്‌ പോലീസിനോട്‌ പറഞ്ഞു. നൗഷാദിന്‌ മരക്കഷ്‌ണം വിറ്റതായി മര വ്യാപാരി ഉമ്മറും മൊഴി നല്‍കി.
ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയില്‍നിന്നും മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയില്‍ നിന്നും മൃതദേഹം പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാറില്‍ നിന്നുമായി രക്‌തക്കറ, മുടി, ഉള്‍പ്പെടെയുള്ളവ പോലീസിനു ലഭിച്ചിട്ടുണ്ട്‌. ഇവ ഷാബാ ഷെരീഫിന്റെതാണെന്നു പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here