കൊലവെറി മുദ്രാവാക്യത്തിൽ കുട്ടി പറഞ്ഞത് പൂർണമായും വിശ്വസിക്കാതെ പൊലീസ്

0

ആലപ്പുഴ: കൊലവെറി മുദ്രാവാക്യത്തിൽ കുട്ടി പറഞ്ഞത് പൂർണമായും വിശ്വസിക്കാതെ പൊലീസ്. മുദ്രാവാക്യം കേട്ട് പഠിച്ചതാണെന്നും വിളിക്കാൻ ആരും പ്രേരിപ്പിച്ചില്ലെന്നുമായിരുന്നു കൗൺസിലിംഗിനിടെ കുട്ടി പറഞ്ഞിരുന്നത്. എന്നാൽ, ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറല്ല. റാലിയിൽ ഈ മുദ്രാവാക്യം വിളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

കുട്ടിക്കു കൊലവെറി മുദ്രാവാക്യം വിളിക്കാൻ പരിശീലനം നൽകിയിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. ആരുടെയെങ്കിലും പ്രത്യേക നിർദേശമോ ആസൂത്രണമോ ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളിലേക്ക് പൊലീസ് അന്വേഷണം എത്തുന്നു എന്നതിന്റെ സൂചനയാണ് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റ്. വിദ്വേഷമുദ്രാവാക്യവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം റിമാൻഡിലായവരിൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

അതേസമയം, പൊലീസിന്റെ ചെറു ചലനങ്ങൾ പോലും അപ്പപ്പോൾ അറിയുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇന്റലിജൻസ് സംവിധാനം കണ്ട് ഞെട്ടിയിരിക്കുകയാണ് കേരള പൊലീസ്. തങ്ങളുടെ ഓരോ നീക്കങ്ങളും അറിഞ്ഞ് പ്രതിരോധം തീർക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പൊലീസിന് പലപ്പോഴും വഴങ്ങേണ്ടിയും വരുന്നു. ഭരണ സ്വാധീനമോ മറ്റ് അധികാരങ്ങളോ ഇല്ലാത്ത ഒരു സംഘടനയുടെ പ്രവർത്തകർക്ക് മുന്നിൽ വഴങ്ങേണ്ടി വരുന്നതിൽ പൊലീസിനുള്ളിൽ തന്നെ അമർഷം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അം​ഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ രാത്രിയിൽ പൊലീസ് എത്തുന്ന വിവരം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരത്തേ അറിഞ്ഞ് അവിടെ സംഘടിച്ചിരുന്നു. 28ന് രാത്രി തൃശൂർ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വീട്ടിൽ യഹിയ തങ്ങളെ തേടി പൊലീസ് എത്തിയെങ്കിലും പാതിരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു സ്ഥലത്തെത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഇതോടെ വാക്കു തർക്കമുണ്ടാവുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. രാവിലെ കുന്നംകുളം സ്റ്റേഷനിൽ ഹാജരാകാം എന്ന് നേതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്നു പൊലീസ് മടങ്ങി. രാവിലെ എട്ടോടെ സ്റ്റേഷനിൽ എത്തിയ യഹിയയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. നാടകീയതകൾക്കൊടുവിലായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവിനെ പൊലീസ് വാഹനം തടഞ്ഞു ബലമായി മോചിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഹിയ തങ്ങളെ കുന്നംകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്കു പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുമ്പോഴാണ് മോചിപ്പിക്കാൻ ശ്രമം നടന്നത്. ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷനു മുൻപിലാണു ഇവർ വലിയ സംഘമായെത്തി പൊലീസ് വാഹനം തടഞ്ഞത്. സംഘം മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുൻപിൽ അണിനിരക്കുകയായിരുന്നു.
കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപ്പറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്. വാഹനം തടഞ്ഞ സംഭവത്തിൽ അൻപതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുമ്പളം ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പൊലീസ് വാഹനം തടയാൻ ശ്രമിച്ച സംഭവത്തിൽ കുമ്പളം സ്വദേശികളായ 5 പേരുൾപ്പെടെ 15 പേർക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.

രണ്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ മുജീബിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കൗൺസിലിങ് നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത.

LEAVE A REPLY

Please enter your comment!
Please enter your name here