ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിര്‍ദേശ പ്രകാരം നടന്നുവന്ന സര്‍വെ പൂര്‍ത്തിയായി

0

 
ബനാറസ്: ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിര്‍ദേശ പ്രകാരം നടന്നുവന്ന സര്‍വെ പൂര്‍ത്തിയായി. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സര്‍വെ നടത്തിയത്. കഴിഞ്ഞദിവസം സര്‍വെയുടെ 65 ശതമാനം പൂര്‍ത്തിയായിരുന്നു. കടുത്ത പൊലീസ് സുരക്ഷയിലാണ് വീഡിയോ സര്‍വെ നടന്നത്. കേസ് വീണ്ടും പരിഗണിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സര്‍വെ നടത്തിയത്. സര്‍വെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. 

അതേസമയം, മസ്ജിദ് പരിസരത്തെ കിണറ്റില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരുടെ അഭിഭാഷകനായ വിഷ്ണു ജെയിന്‍ അവകാശപ്പെട്ടു. ശിവലിംഗത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വിഷ്ണു ജെയിന്‍ പറഞ്ഞു. 

ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നും ഇതിന്റെ ചിത്രങ്ങള്‍ വലിയ തെളിവാണെന്നും വിഷ്ണു ജെയിന്‍ അവകാശപ്പെട്ടു. ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തിലെ നാല് മുറികള്‍ തുറന്നാണ് പരിശോധന നടത്തിയത്. 
മെയ് ആറിനാണ് സര്‍വെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടതിനാല്‍ നിര്‍ത്തിവച്ചു. പള്ളിക്കുള്ളില്‍ ക്യാമറ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. 
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പള്ളിയില്‍ വീഡിയോ സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു. 
2021ല്‍ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

LEAVE A REPLY

Please enter your comment!
Please enter your name here