പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു

0

തിരുവനന്തപുരം ∙ അറസ്റ്റിലാകുന്നവർക്കു പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു. അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ നിയമവകുപ്പ് നിർദേശിച്ച ഭേദഗതിയോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്.

അറസ്റ്റിലാകുന്ന വ്യക്തികൾക്കെല്ലാം വൈദ്യപരിശോധന നടത്തണം. നിലവിൽ തന്നെ ഇതിനു വ്യവസ്ഥയുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. പലപ്പോഴും ഇതു വിവാദമാകുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണു കർശന മാർഗരേഖ പുറപ്പെടുവിക്കുന്നത്. 

മുറിവുകൾ കണ്ടെത്താൻ ഇനി സമഗ്ര പരിശോധന വേണം. അറസ്റ്റിലാകുന്നവരുടെ സ്വകാര്യ ഭാഗങ്ങളിലോ ശരീരത്തിൽ മറ്റെവിടെയെങ്കിലുമോ മുറിവോ പീ‍ഡന അടയാളമോ ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച വിവരങ്ങൾ അവരോടു ഡോക്ടർ ചോദിച്ചറിയണം. മുറിവുണ്ടെങ്കിൽ അതിന്റെ ഏകദേശ സമയം അടക്കമുള്ള വിവരങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ശാരീരിക ബലപ്രയോഗം സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങളുണ്ടെങ്കിൽ രേഖപ്പെടുത്തണം.

ആന്തരിക അവയവങ്ങൾക്കു ഗുരുതര പരുക്കുണ്ടെങ്കിൽ കൂടുതൽ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽ തുടർപരിശോധനയും ചികിത്സയും നൽകണമെന്നു മെഡിക്കൽ ഓഫിസർ പ്രത്യേക ഉത്തരവിറക്കണം. 

ആവശ്യമെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം. പരിശോധനയ്ക്ക് എത്തിക്കുന്നിടത്ത് വിദഗ്ധരോ ജീവൻരക്ഷാ ചികിത്സയ്ക്കുള്ള സൗകര്യമോ ഇല്ലെങ്കിൽ മെഡിക്കൽ ഓഫിസർ അക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കണം. മെഡിക്കൽ കോളജ് പോലെയുള്ള ആശുപത്രികളിലേക്ക് ഉടൻ റഫർ ചെയ്യുകയും വേണം.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ റിപ്പോർട്ടും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവ നൽകിയ ഉത്തരവുകളും പരിഗണിച്ചാണ് പ്രോട്ടോക്കോൾ തയാറാക്കിയത്.

സർക്കാർ ഡോക്ടർ ഇല്ലെങ്കിൽ മാത്രം സ്വകാര്യ ഡോക്ടർ

കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലുള്ള ഡോക്ടർമാരാണു പരിശോധിക്കേണ്ടത്. ഇവരുടെ അഭാവത്തിൽ മാത്രമേ സ്വകാര്യ ഡോക്ടർമാരുടെ സേവനം തേടാവൂ. സ്ത്രീകളെ സർക്കാർ സർവീസിലുള്ള വനിതാ ഡോക്ടർമാരോ അവരുടെ മേൽനോട്ടത്തിലോ പരിശോധിക്കണം. അവരില്ലെങ്കിൽ മാത്രമേ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ പരിശോധിക്കാവൂ.

∙ വൈദ്യപരിശോധനാ റിപ്പോർട്ട് നിർദിഷ്ട മാതൃകയിൽ തയാറാക്കണം. അപേക്ഷ നൽകുന്ന ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ, കസ്റ്റഡിയിലുള്ളയാളെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ അരുത്. ജീവൻ രക്ഷിക്കേണ്ട സാഹചര്യത്തിൽ മാത്രം ഇതിന് ഇളവുണ്ട്.

∙ കസ്റ്റഡിയിൽ എടുക്കുന്നവരെ 24 മണിക്കൂറിനകം മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കേണ്ടതിനാൽ അവരുമായി ഒപിയിൽ മറ്റു രോഗികളുടെ ഇടയിൽ കാത്തുനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.

∙ നിലവിൽ രോഗമുണ്ടോ, മുൻപു രോഗമുണ്ടായിരുന്നോ എന്നീ കാര്യങ്ങൾ ചോദിക്കണം. മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ രേഖപ്പെടുത്തണം.

∙ വൈദ്യപരിശോധനയും ക്ലിനിക്കൽ പരിശോധനയും സൗജന്യമായി നടത്തണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ സ്വകാര്യ ലാബ് സേവനം തേടാം. ഇതിന് എച്ച്എംസി ഫണ്ടിൽനിന്നു തുക കണ്ടെത്തണം.

∙ പരിശോധനാ റിപ്പോർട്ടിന്റെ ഒറിജിനൽ ബന്ധപ്പെട്ട പൊലീസ് ഓഫിസർക്കു ഡോക്ടർ കൈമാറണം. രണ്ടാം പകർപ്പ് കസ്റ്റഡിയിലുള്ള ആൾക്കോ അയാൾ നിർദേശിക്കുന്നവർക്കോ സൗജന്യമായി നൽകണം. മൂന്നാം പകർപ്പ് ആശുപത്രി ഫയലിൽ സൂക്ഷിക്കണം.

∙ ജയിലിൽനിന്നെത്തിക്കുന്ന റിമാൻഡ് തടവുകാർക്ക് ആവശ്യമായ ചികിത്സ കാലതാമസം കൂടാതെ നൽകണം. ജയിൽ മെഡിക്കൽ ഓഫിസർ പരിശോധിച്ച ശേഷം കിടത്തിച്ചികിത്സ ആവശ്യമെങ്കിൽ അതിനു സൗകര്യമൊരുക്കണം. റിമാൻഡ് തടവുകാർക്കും ഗാർഡ് ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫിസർമാർക്കുമുള്ള സൗകര്യങ്ങൾ തടവുകാരുടെ വാർഡിലുണ്ടെന്ന് ആശുപത്രി മേധാവി ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here