വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം ഒത്തുതീർപ്പായി

0

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം ഒത്തുതീർപ്പായി. ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ വിളിച്ചു ചേർത്ത യോഗത്തിലാണ് അസോസിയേഷനും ബോർഡ് ചെയർമാനുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനിച്ചത്.

ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള വിമർശനങ്ങളിൽ നിന്നു മാറിനിൽക്കണമെന്ന മാനേജ്‌മെന്റിന്റെ നിർദേശം അസോസിയേഷൻ അംഗീകരിച്ചു. വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസ്താവന നടത്താതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ധാരണയായി. പ്രശ്നങ്ങൾ മാനേജ്‌മെന്റിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷവും എല്ലാ സാധ്യതകളും പരാജയപ്പെട്ടപ്പോഴാണു പരസ്യ വിമർശനത്തിലേക്കു പോയതെന്ന് അസോസിയേഷൻ വിശദീകരിച്ചു. ബോർഡും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനു സ്ഥിരം സംവിധാനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇതിനു സംവിധാനം ഉണ്ടാക്കും.

സസ്പെൻഷനു ശേഷം സ്ഥലംമാറ്റിയ സംഘടനാ നേതാക്കളായ ജാസ്മിൻ ബാനു, എം.ജി.സുരേഷ് കുമാർ എന്നീ എക്സിക്യൂട്ടീവ് എൻജിനീയർമാരും അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബി.ഹരികുമാറും കുറ്റപത്രങ്ങൾക്കു നൽകിയ മറുപടി പരിഗണിച്ചു പ്രശ്നം തീർപ്പാക്കും. ജൂണിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഇവർക്ക് അപേക്ഷിക്കുന്ന ജില്ലയിലേക്കു സ്ഥലംമാറ്റം നൽകുന്നതും പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. ജില്ലയിലെ നിയമനം സംബന്ധിച്ച കാര്യങ്ങൾ മാനേജ്മെന്റ് തീരുമാനിക്കും. നടപടി തീരുന്ന മുറയ്ക്കു ഹരികുമാറിന്റെ തടഞ്ഞു വച്ച പ്രമോഷൻ നൽകും.

ഏപ്രിൽ 5 ന് ബോർഡ് റൂമിൽ തള്ളിക്കയറിയവർക്കെതിരായുള്ള അച്ചടക്ക നടപടി പരസ്പര ധാരണയോടെ നിയമാനുസൃതം പരിഹരിക്കും. ഈ 19 പേർക്ക് ഉടൻ കുറ്റപത്രം നൽകും. മറുപടി തൃപ്തികരമെങ്കിൽ അനുഭാവത്തോടെ പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. സത്യഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങളിൽ പ്രഖ്യാപിച്ച ഡയസ്നോൺ പിൻവലിക്കുന്നതു കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിയമപരിശോധന നടത്തിയിട്ടാകും.

ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കു പുറമേ ബോർഡ് ചെയർമാൻ ബി.അശോക്, ഫിനാൻസ് ഡയറക്ടർ വി.ആർ.ഹരി, അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ, സോണൽ സെക്രട്ടറി ഷൈൻരാജ് എന്നിവർ പങ്കെടുത്തു 

Leave a Reply