യുക്രെയ്നിലെ നാനൂറോളം ആശുപത്രികൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി

0

കീവ് ∙ യുക്രെയ്നിലെ നാനൂറോളം ആശുപത്രികൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. റഷ്യൻ ആക്രമണം 10 ആഴ്ച പിന്നിടുമ്പോൾ അവശ്യമരുന്നുകളും ചികിത്സാ സൗകര്യവുമില്ലാതെ ജനത വിഷമിക്കുകയാണെന്നും അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്കു രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക കേന്ദ്രങ്ങൾ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്ന് റഷ്യ അവകാശപ്പെടുമ്പോഴാണ് സെലൻസ്കിയുടെ ആരോപണം. മരിയുപോളിലെ പ്രസവാശുപത്രി റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർത്തത് ലോകമെങ്ങും വിമർശനത്തിനിടയാക്കിയിരുന്നു.
മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കുനിർമാണശാല പിടിക്കാനായി റഷ്യൻ സേന കനത്ത ആക്രമണം തുടരുകയാണ്. യുക്രെയ്ൻ സേന സാധാരണക്കാരെ മനുഷ്യകവചമാക്കിയാണ് ചെറുത്തുനിൽക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്ലാന്റിനുള്ളി‍ൽ കുടുങ്ങിയ സാധാരണക്കാരെ രക്ഷപ്പെടാൻ അനുവദിക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് യുക്രെയ്ൻ ആരോപിച്ചു. 
രണ്ടാം ലോകയുദ്ധ വിജയദിനമായ 9നു മുൻപ് മരിയുപോൾ പൂർണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കിഴക്കൻ യുക്രെയ്നിലെ ക്രമടോർസ്ക് നഗരത്തിലെ ആയുധശാല മിസൈൽ ആക്രമണത്തിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലുഹാൻസ്കിൽ 2 യുദ്ധവിമാനങ്ങൾ വീഴ്ത്തി. 
ലോകത്തു പലയിടത്തും കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുമ്പോൾ 2.5 കോടി ടൺ ഭക്ഷ്യധാന്യങ്ങൾ യുക്രെയ്നിൽ കെട്ടിക്കിടക്കുന്നു. മരിയുപോൾ ഉൾപ്പെടെയുള്ള കരിങ്കടൽ തുറമുഖങ്ങൾ റഷ്യ ഉപരോധിച്ചിരിക്കുന്നതിനാൽ ഇവ കയറ്റി അയ്ക്കാനാവുന്നില്ല. 
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനുള്ള തീരുമാനം നടപ്പാക്കുന്നത് ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ബദൽ സൗകര്യം ഒരുക്കുന്നതു വരെ മാറ്റിവയ്ക്കാൻ യൂറോപ്യൻ കമ്മിഷൻ തീരുമാനിച്ചു. 
ഇതേസമയം, കീവിലും സമീപപ്രദേശങ്ങളിലും റഷ്യൻ സൈന്യം യുദ്ധക്കുറ്റം ചെയ്തതിനു തെളിവു ലഭിച്ചതായി ആംനെസ്റ്റി ഇന്റർനാഷനൽ അറിയിച്ചു. നിയമവിരുദ്ധ കൂട്ടക്കൊലകളുടെ 22 പരാതികളിൽ തെളിവു ലഭിച്ചിട്ടുണ്ട്. ക്രൂരമായ ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഒരുമിച്ചു നിന്നു പരിശ്രമിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here