ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്റെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍

0

പാലക്കാട്‌ : ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്റെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍. ഇയാള്‍ പട്ടാമ്പി സ്വദേശിയാണെന്നാണു സൂചന. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറംഗസംഘത്തിലെ നാലുപേര്‍ പിടിയിലായി.
അതിനിടെ, നേരത്തേ പിടിയിലായ പ്രതികളില്‍ ഒരാളുടെ വീടിനു നേരേ ആക്രമണം നടന്നു. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ കാവില്‍പ്പാട്‌ സ്വദേശി ഫിറോസിന്റെ വീടിനുനേരേയാണു രാത്രിയില്‍ ആക്രമണമുണ്ടായത്‌. പെട്രോള്‍ നിറച്ച രണ്ടു കുപ്പികള്‍ വീടിനുനേരേ എറിഞ്ഞു. തീ പിടിക്കാത്തതിനാല്‍ അപകടം ഒഴിവായി. ഫിറോസിന്റെ ഭാര്യയും മാതാപിതാക്കളുമാണ്‌ ഇവിടെ താമസിക്കുന്നത്‌. ഹേമാംബികനഗര്‍ പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളിനൊപ്പം മണ്ണെണ്ണയും കലര്‍ത്തിയതായി പരിശോധനയില്‍ കണ്ടെത്തി. വീടിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ശ്രീനിവാസനെ വധിക്കാനെത്തിയ ആറംഗ സംഘത്തില്‍പ്പെട്ടയാളാണ്‌ ഫിറോസ്‌. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ 16 പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്‌.എസാണെന്ന്‌ എസ്‌.ഡി.പി.ഐ. ആരോപിച്ചു. എന്നാല്‍, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍നിന്നു പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള എസ്‌.ഡി.പി.ഐ.-പോപ്പുലര്‍ ഫ്രണ്ടുകാരുടെ നാടകമാണ്‌ ഇതിന്‌ പിന്നിലെന്നു ബി.ജെ.പി. ആരോപിച്ചു.
ശ്രീനിവാസനെ വധിക്കാനെത്തിയ സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകള്‍ പൊളിച്ചതായി അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ചു.
പട്ടാമ്പി ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കൊണ്ടൂര്‍കരയിലെ വാഹനം പൊളിക്കല്‍ മാര്‍ക്കറ്റില്‍ നശിപ്പിച്ചതായാണു വിവരം. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഡിവൈ.എസ്‌.പി. അനില്‍കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ എം. സുജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതായി സൂചനയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here