കാത്തിരുപ്പുകേന്ദ്രത്തില്‍ പരുക്കേറ്റു രക്‌തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു മരിച്ചു

0

തൊടുപുഴ: തൊടുപുഴ നഗരത്തിലെ കാത്തിരുപ്പുകേന്ദ്രത്തില്‍ പരുക്കേറ്റു രക്‌തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു മരിച്ചു. കൊലപാതകമെന്ന സംശയത്തെത്തുടര്‍ന്നു നഗരത്തില്‍ അലഞ്ഞു നടക്കുന്ന സ്‌ത്രീ കസ്‌റ്റഡിയില്‍. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്‌ദുള്‍ സലാം(അമ്പി-52) ആണു മരിച്ചത്‌. വീടുമായി അകന്നു കഴിയുന്ന ഇയാള്‍ പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിങ്‌ ഷെഡിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌. ഇയാള്‍ക്കെതിരേ പിടിച്ചുപറി, മോഷണക്കേസുകളുമുണ്ടെന്നു പോലീസ്‌ പറഞ്ഞു. ഷെരീഫയാണ്‌ ഭാര്യ. മക്കള്‍: മുബീന, മിഥിലാജ്‌.
തിങ്കളാഴ്‌ച രാത്രി എട്ടോടെ ബസ്‌ സ്‌റ്റോപ്പിലെത്തിയവരാണ്‌ ഇയാളെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌. ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസെത്തി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാക്കി. നില ഗുരുതരമാണെന്നു കണ്ടു മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കാലിനു മാരക മുറിവേറ്റ അബ്‌ദുള്‍ സലാം ടൗണിന്റെ പല ഭാഗത്തും അലഞ്ഞു നടന്നതിനെ തുടര്‍ന്ന്‌ ഒട്ടേറെ രക്‌തം വാര്‍ന്നു പോയിരുന്നു.
മദ്യം വീതം വയ്‌ക്കുന്നതിനെച്ചൊല്ലി ഇയാളും നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്‌ത്രീയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായാണ്‌ പോലീസ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്നാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ഇവര്‍ മുമ്പ്‌ പലപ്പോഴും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ നിരവധിയാളുകളെ ആക്രമിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവരാണോ അബ്‌ദുള്‍ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തില്‍ തെളിവു ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
വ്യാപാര സ്‌ഥാപനങ്ങളിലും മറ്റും സ്‌ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പരിശോധന നടത്തുന്നതിനുള്ള നീക്കത്തിലാണ്‌ പോലീസ്‌. ഇടുക്കിയില്‍നിന്നു ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ തെളിവു ലഭിക്കുമെന്നും മുറിവിന്റെ രീതി പരിശോധിക്കുമെന്നും അനേ്വഷണ ഉദ്യോഗസ്‌ഥനായ സി.ഐ: വി.സി. വിഷ്‌ണുകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here