കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന്  രമേശ് ചെന്നിത്തല.

0

 
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന്  രമേശ് ചെന്നിത്തല. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഓരോഘടകത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന പിസിസികള്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്. 

ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. 

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ദേശീയ തലത്തില്‍ ഉപസമിതി രൂപീകരിച്ചത്. മുകുള്‍ വാസ്‌നിക്കിന്റെ അധ്യക്ഷതയിലുള്ള സംഘടനാകാര്യ സമിതിയില്‍ കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തല മാത്രമാണുള്ളത്. ഈ മാസം ചേരുന്ന ചിന്തന്‍ ശിബിറില്‍ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 
അജയ് മാക്കന്‍, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന്‍ എന്നിവരാണ് സംഘടനാകാര്യ സമിതിയിലെ മറ്റംഗങ്ങള്‍. ചിന്തന്‍ ശിബിരത്തില്‍ പരിഗണിക്കുന്നതിനായി വിവിധ വിഷയങ്ങളിലായി ആറു സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. ആറു സമിതികളിലെ ഏഴുപേര്‍ ജി23യില്‍ ഉള്‍പ്പെട്ട നേതാക്കളാണ്. ശശി തരൂര്‍, ആന്റോ ആന്റണി, റോജി എം ജോണ്‍ എന്നിവരാണ് വിവിധ സമിതികളില്‍ ഉള്‍പ്പെട്ട കേരള നേതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here