കോവിഡ് രോഗികൾക്ക് ചുറ്റും സദാ വൈറസ് സാന്നിധ്യം; കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് പഠനം 

0

 
കൊറോണ വൈറസിന്റെ വ്യാപനത്തിന് പിന്നിലെ കാരണം അവ്യക്തമായി തന്നെ തുടരുകയാണ്. വൈ‌റസ് പ്രതലങ്ങളിൽ നിന്ന് പടരുമെന്നാണ് മുമ്പ് കരുതിയിരുന്നത്. വായുവിലെ കൊറോണ വൈറസ് കണങ്ങളിലൂടെ രോ​ഗം പടരുന്നുണ്ടെന്നതിന് തെളിവുകൾ കുറവായിരുന്നു. എന്നാലിപ്പോൾ വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യതയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളിൽ വൈറസ് വ്യാപനം കുറവായിരുന്നെന്ന് വിദ​ഗ്ധർ കണ്ടെത്തി. 

ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി സഹകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ കൂട്ടായ പഠനമാണ് സാഴ്സ് കോവ് 2 വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ചത്. കോവിഡ് 19 ബാധിച്ച ആളുകൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വായു സാമ്പിളുകളിൽ നിന്നുള്ള കൊറോണ വൈറസ് ജനിതകഘടന വിശകലനം ചെയ്യുകയായിരുന്നു ശാസ്ത്രജ്ഞർ. ആശുപത്രികൾ, കോവിഡ് രോഗികൾ ചെലവഴിച്ച അടച്ചിട്ട മുറികൾ, ക്വാറന്റൈൻ ചെയ്ത വീടുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്.

കോവിഡ് -19 രോഗികൾക്ക് ചുറ്റുമുള്ള വായുവിൽ വൈറസിന്റെ സാന്നിധ്യം പതിവായി കണ്ടെത്താൻ കഴിഞ്ഞു. ഇതേ പരിസരത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണവും വർദ്ധിച്ചിരുന്നതായി പഠനത്തിൽ കണ്ടെത്തി. ആശുപത്രികളിലെ ഐസിയുവിലും നോൺ ഐസിയു വിഭാഗത്തിലും വൈറസ് ഉണ്ടെന്നും പഠനത്തിൽ കണ്ടെത്തി. രോഗികളിൽ നിന്ന് വായുവിലേക്ക് വൈറസ് പടർന്നിരുന്നെന്നും അണുബാധയുടെ തീവ്രത ഇതിന് ഘടകമായിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. 
വളരെ ദൂരത്തേക്ക് വ്യാപിക്കാനും ജീവനുള്ള കോശങ്ങളെ പിടികൂടാ‌നും സാധ്യതയുള്ള കൊറോണ വൈറസ് വായുവിൽ ഉണ്ടെന്ന് പഠനം കണ്ടെത്തി. അണുബാധ പടരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് തുടരാനാണ് ശാസ്ത്രജ്ഞരുടെ നിർദ്ദേശം.‌

LEAVE A REPLY

Please enter your comment!
Please enter your name here