നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസ് കസ്റ്റഡിയിൽ

0

കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസ് കസ്റ്റഡിയിൽ. ഹോട്ടലിലെത്തിയ അതിഥിയെ മർദിച്ചെന്ന പരാതിയിലാണ് കൊച്ചി പൊലീസ് റോയി വയലാട്ടിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാലിന് നടന്ന സംഭവത്തിലാണ് നടപടി. റോയിയും രണ്ട് ഹോട്ടൽ ജീവനക്കാരും ഉൾപ്പെടെ എട്ടുപേരാണ് കസ്റ്റഡിയിലുള്ളത്.

ചേർത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഫയാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണ് ഫയാസ് എത്തിയത്. എന്നാൽ, ഡിജെ പാർട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു. പിന്നാലെ, ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്ന് ഫയാസ് പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫയാസ് ആശുപത്രിയിൽ ചികിത്സ തേടി. പോക്സോ കേസ് കൂടാതെ റോയ് വയലാറ്റിനെതിരെ മോഡലുകളുടെ അപകടമരണത്തിലും കേസ് നിലവിലുണ്ട്. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് റോയ് ജെ. വയലാട്ട്, സൈജു എം. തങ്കച്ചൻ, അഞ്ജലി റീമാദേവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.

2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം ബിസിനസ് മീറ്റിംഗിനായി നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും ഇവിടെവച്ച് റോയ് തന്നെയും മകളെയും ഉപദ്രവിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ റോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ മാർച്ച് 8ന് ഹൈക്കോടതിയും മാർച്ച് 11ന് സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്ന് മാർച്ച് 13ന് മട്ടാഞ്ചേരി അസി. കമ്മിഷണർ ഓഫീസിൽ കീഴടങ്ങി. 21ന് എറണാകുളം പോക്സോ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിൻറെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.

റോയ് വയലാട്ടിൻറെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here