തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെവി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ

0

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെവി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പിസി ചാക്കോ ഇക്കാര്യം അറിയിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി സജീവമാകുമെന്ന കഴിഞ്ഞ ദിവസം കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം’, പിസി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.’കെ വി തോമസിന്റെ പിന്തുണ കേരളത്തിന്റെ വികസനത്തിനാണ്. വികസന കാഴ്ചപാടുകളോടെയായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. അത് കെറെയിലാണെങ്കിലും മറ്റെന്തിന്റെ കാര്യത്തിലാണെങ്കിലും. കെറെയിലില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ് വേണ്ടത്. വികസനത്തെ അന്ധമായി എതിര്‍ക്കരുത്. മുന്‍പ് എതിര്‍പ്പുകള്‍ ഉയര്‍ന്ന പല പദ്ധതികളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്’, കെവി തോമസ് പ്രതികരിച്ചു.

‘വികസനകാര്യങ്ങളില്‍ യോജിച്ച് മുന്നോട്ട് പോകാന്‍ സാധിക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ്. ജനങ്ങള്‍ രണ്ടും നോക്കിയിട്ട് മാത്രമേ തീരുമാനമെടുക്കൂ. എനിക്ക് കെറെയിലിനെക്കുറിച്ച് നല്ല രീതിയില്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ പദ്ധതിക്ക് പ്രത്യേകതകളുണ്ട്. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലാണ് പ്രധാനപ്രശ്‌നം. സഹതാപ തരംഗം ഒരിക്കലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, സ്വാധീനിക്കില്ല. അത് വ്യക്തിപരമായി ബാധിക്കുന്ന ഒന്നാണ്’, കെവി തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here