വിമർശങ്ങൾ നേരിടുന്ന വിഭാഗമാണ് മന്ത്രിമാർ

0

വിമർശങ്ങൾ നേരിടുന്ന വിഭാഗമാണ് മന്ത്രിമാർ. നൂറ് നല്ലത് ചെയ്താലും എന്തെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ അതിനെ ഉയർത്തിപ്പിടിക്കുന്നതാണ് എവിടെയും കാണാം സാധിക്കുന്നത്. അത്തരത്തിൽ പലപ്പോഴും വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന മന്ത്രിയാണ് വീണ ജോർജ്. പ്രതിപക്ഷത്ത് നിന്ന് വരുന്നതിലും കൂടുതൽ വിമർശനം ആരോഗ്യ മന്ത്രി ഏറ്റുവാങ്ങിയിട്ടുള്ളത് ഭരണപക്ഷത്ത് നിന്ന് തന്നെയാണ്. വീണാ ജോര്‍ജിനെതിരെ പ്രധാനമായും ഉയരുന്ന ആരോപണങ്ങളില്‍ ഒന്നാണ് മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്നത്.

ആരോപണങ്ങളില്‍ മന്ത്രി നിറഞ്ഞു നിന്നത് കായംകുളം എംഎല്‍എ യു പ്രതിഭയുടെ പരാതിയോടെയാണ്. ഒരു ‘മന്ത്രി’ എത്ര വിളിച്ചാലും ഫോണ്‍ എടുക്കുന്നില്ലെന്ന് യു പ്രതിഭ എംഎല്‍എ പരാതി ഉന്നയിച്ചതോടെ അത് വീണാ ജോര്‍ജിന് നേരെയുള്ള ഒളിയമ്പായിരുന്നു എന്ന് പല കോണില്‍ നിന്നും വാദങ്ങളുയര്‍ന്നത്.

എത്ര തവണ വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയല്ല വിളിക്കുന്നത്, മന്ത്രി അത് മനസ്സിലാക്കണം. തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. മറ്റു മന്ത്രിമാര്‍ തിരിച്ചു വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമെന്നുമായിരുന്നു പ്രതിഭ എംഎല്‍എ പറഞ്ഞത്. മന്ത്രി വി ശിവന്‍ കുട്ടിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പ്രതിഭ എംല്‍എയുടെ പരാമര്‍ശം. എന്നാല്‍ ഏത് മന്ത്രിയാണ് ഇത്തരത്തില്‍ ഫോണ്‍ എടുക്കാത്തത് എന്ന് മന്ത്രിയുടെ പേര് എടുത്ത് പറയാത്തത് കൊണ്ട് തന്നെ അത് ആരെക്കുറിച്ചാണ് എന്ന് വ്യക്തമായിരുന്നില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം എംഎല്‍എയ്‌ക്കെതിരെ പലരും രംഗത്തെത്തി. തുടര്‍ന്ന് വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാതെ എംഎല്‍എ മൗനം പാലിക്കുകയും തുടര്‍ന്നു.

ഇപ്പോള്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എം.എല്‍.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നുമാണ് ചിറ്റയം കുറ്റപ്പെടുത്തുന്നത്. യു പ്രതിഭ എംഎല്‍എയുടെ പരാതിയുടെ സമാനമായ പരാതിയാണ് ചിറ്റയം ഗോപകുമാറും ഉന്നയിക്കുന്നത്. എന്നാല്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ മന്ത്രിയുടെ പേരെടുത്തു കൊണ്ട് തന്നെയായിരുന്നു രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാര്‍ത്തയായിരുന്നു. ഈ ചടങ്ങില്‍ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
‘യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട് തവണയായി ഇതേ അനുഭവമാണ്. അതിനാല്‍ ഞാന്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ല. സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എം.എല്‍.എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചില്ല’-ചിറ്റയം പറഞ്ഞു.

അടൂര്‍ മണ്ഡലത്തിലെ വികസനപദ്ധതികളിലും മന്ത്രിയുടെ അവഗണനയുണ്ടെന്നും ചിറ്റയം വ്യക്തമാക്കുന്നു. സ്ഥലം എം.എല്‍.എ. കൂടിയായ തന്നെയറിയിക്കാതെ മന്ത്രി അടൂരിലെ പരിപാടിയില്‍ സി.പി.എം. നേതാക്കളെയും കൂട്ടിയെത്തുന്നെന്നും ചിറ്റയം പറയുന്നു.
എന്നാല്‍ മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് അച്ഛന്‍ പറയുന്നതുപോലെ വിചിത്രമാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറയുന്നു. പരിപാടി നടത്തേണ്ടയാള്‍, തന്നെ അറിയിച്ചില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഭംഗിയായി നടത്താനുള്ള ഉത്തരവാദിത്വം മന്ത്രിക്ക് മാത്രമല്ല, ജില്ലയിലെ എല്ലാ എം.എല്‍.എ.മാര്‍ക്കുമുണ്ടെന്നും ഉദയഭാനു പറഞ്ഞു.
അതേസമയം തനിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ചിറ്റയം ഗോപകുമാറിനെതിരേ ആരോഗ്യമന്ത്രി എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പരസ്യ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്നും ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നുവെന്നുമാണ് വീണാ ജോര്‍ജിന്റെ പരാതി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നും മന്ത്രി പറയുന്നു.
അതേസമയം ഇപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും എൽഡിഎഫിന് പരാതി നൽകി. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
അതിനിടെ വേദി മാറിക്കയറിയും മന്ത്രി വിവാദം സൃഷ്ടിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ആത്മബോധോതയ സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ വേദി മാറിക്കയറല്‍. മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്ക് പകരം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പോലീസ് സംഘം മന്ത്രിയെ എത്തിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കം മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്. എന്നാല്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് ശേഷം അവിചാരിതമായി ആരോഗ്യമന്ത്രി വേദിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് മന്ത്രി പങ്കെടുക്കേണ്ട പരിപാടി അല്ല ഇത് എന്ന് അറിയുന്നത്. ഇത് മനസ്സിലായതോടെ എല്ലാവരോടും സൗഹൃദം പങ്കിട്ട് മന്ത്രി വേദിയില്‍ നിന്ന് പോകുകയും ചെയ്തു.
സമാനമായ പേരിലുള്ള മറ്റൊരു സംഘം സംഘടിപ്പിച്ച പരിപാടിയുണ്ടായിരുന്നു. അതാണ് വേദി മാറാനിടയാക്കിയത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണിതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here