ഷൂട്ടിങ്ങിനിടെ മഹേഷ് ബാബുവി​ന്റെ മുഖത്തടിച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

0

സിനിമാ ലോകത്തേക്ക് ണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ചിത്രീകരണത്തിനിടെ തനിക്ക് ഫറ്റിയ അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് നടി. മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലി എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

‘സർക്കാരു വാരി പാട്ട’യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീർത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമയുടെ അവസാന ​ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാ​ഗത്തുനിന്നും ഏകോപനത്തിൽ ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസിലാക്കി അപ്പോൾത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മ​ഹേഷ് ബാബു പെരുമാറിയതെന്നും താരം പറഞ്ഞു.

പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. കേരളമുൾപ്പെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. ടോവിനോ തോമസ് നായകനാവുന്ന വാശിയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. സെൽവരാഘവൻ നായകനാവുന്ന സാണി കായിധം ആണ് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.

അതേസമയം മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവച്ച് തം​ഗത്തെത്തിയത് കീർത്തി സുരേഷായിരുന്നു. “മീര ജാസ്മിൻ, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീർത്തി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍ എത്തുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply