ഭൂമിയിലേക്ക് പതിക്കും മുമ്പ് റോക്കറ്റിനെ പിടികൂടി ഹെലികോപ്റ്റർ

0

വെല്ലിങ്ടൺ(ന്യൂസിലാൻഡ്): ഉപ​ഗ്രഹ വിക്ഷേപണത്തിൽ പുത്തൻ നേട്ടം കൈവരിച്ച് ശാസ്ത്രലോകം. ഉപ​ഗ്രഹ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് പതിക്കുന്ന റോക്കറ്റിനെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ആകാശത്ത് വെച്ച് തന്നെ ‘പിടികൂടി’. ആദ്യ ദൗത്യത്തിൽ തന്നെ റോക്കറ്റിനെ പിടിച്ചെടുക്കാനായെങ്കിലും പിന്നീട് റോക്കറ്റിനെ സ്വതന്ത്രമാക്കേണ്ടി വന്നു. അമേരിക്കൻ കമ്പനിയായ റോക്കറ്റ് ലാബ് യു.എസ്.എ. എന്ന സ്ഥാപനമാണ് താഴേക്ക് വരികയായിരുന്ന റോക്കറ്റിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ഭാഗികമായി വിജയിച്ചത്.

ഒരിക്കൽ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിനെ ഇത്തരത്തിൽ പിടിച്ചെടുത്ത് വീണ്ടും വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോക്കറ്റ് ലാബ് ഈ ശ്രമം നടത്തിയത്. കൂടാതെ, വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യവും റോക്കറ്റുകളുടെ പുനരുപയോഗ സാധ്യതയും ഇതിനു പിന്നിലുണ്ട്.

തിങ്കളാഴ്ച നടത്തിയ പരീക്ഷണം ഭാഗികമായി വിജയിച്ചു. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴേക്കുവന്ന റോക്കറ്റിനെ ദക്ഷിണ പസഫിക് സമുദ്രത്തിലെ ന്യൂസിലാൻഡ് തീരത്തിന് മുകളിൽവെച്ചായിരുന്നു ഹെലികോപ്ടർ പിടിച്ചെടുത്തത്. കേബിളും പാരച്യൂട്ടുകളും ഉപയോഗിച്ച് റോക്കറ്റിനെ പിടിച്ചെടുക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.
34 ഉപഗ്രഹങ്ങളുമായി രാവിലെ 10.50-ന് ന്യൂസിലൻഡിലെ ലോങ് ബീച്ചിൽനിന്നാണ് റോക്കറ്റ് വിക്ഷേപിക്കപ്പെട്ടത്. വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന റോക്കറ്റ്, അതിൽ നേരത്തെ തന്നെ ഘടിപ്പിച്ചിട്ടുള്ള പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗം നിയന്ത്രിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഹെലികോപ്ടറിൽനിന്നുള്ള കേബിളുകളുടെ സഹായത്തോടെ റോക്കറ്റിനെ പിടിച്ചെടുക്കുന്ന പ്രക്രിയ നടന്നത്.

എന്നാൽ, അൽപസമയത്തിനു സമയത്തിനു ശേഷം ഹെലികോപ്റ്ററിൽ ഘടിപ്പിച്ച കേബിളിൽനിന്ന് റോക്കറ്റിനെ സ്വതന്ത്രമാക്കേണ്ടിവന്നു. ശേഷം റോക്കറ്റ് പസഫിക് സമുദ്രത്തിലേക്ക് വീണു. അതിനാലാണ് പരീക്ഷണം ഭാഗികമായി വിജയിച്ചുവെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. റോക്കറ്റിനെ കടലിൽ വീഴുന്നതിന് മുൻപേ പിടിച്ചെടുത്ത് കരയിലേക്കോ ബാർജിലേക്കോ കൊണ്ടുവന്നാൽ മാത്രമേ പരീക്ഷണം വിജയിച്ചതായി കണക്കാക്കാനാകൂ.

വിക്ഷേപണാനന്തരം റോക്കറ്റുകളെ ഭൂമിയിൽ തിരികെയെത്തിച്ച് പുനരുപയോഗിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് ഇലോൺ മസ്‌കിന്റെ സ്ഥാപനമായ സ്‌പേസ് എക്‌സായിരുന്നു.

Leave a Reply