ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് പദ്ധതിക്ക് സൗജന്യമായി നൽകി; കേരളത്തിനാകെ മാതൃകയായി ഹനീഫയും ജാസ്മിനും

0

കോഴഞ്ചേരി: ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി ലൈഫ് മിഷന് സംഭാവന നൽകി ദമ്പതികൾ. കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികളാണ് തങ്ങളുടെ 28 സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായാണ് സർക്കാരിന് ഇരുവരും ചേർന്ന് തങ്ങളുടെ വസ്തു നൽകിയത്.

പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് സ്‌നേഹസംഭാവനകൾ തുടരുകയാണ്. ലൈഫ് പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്താനുള്ള പദ്ധതിയാണ് മനസോടിത്തിരി മണ്ണ്. ഇതിനകം 926.75 സെന്റ് സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ് മിഷന് ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ് സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഭൂമി നൽകാൻ തയ്യാറായി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ 1000 പേർക്ക് ഭൂമി നൽകാനായി 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭ്യമായിട്ടുണ്ട്. ഹനീഫയെയും ജാസ്മിനെയും മാതൃകയാക്കി കൂടുതലാളുകൾ ഭൂമി സംഭാവന ചെയ്യാൻ രംഗത്ത് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ലൈഫ് പദ്ധതിയിൽ ആകെ 2,95,006 വീടുകൾ ആണ് കൈമാറിയത്. 34,374 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിർമ്മാണത്തിലുണ്ട്. രണ്ടാം ഘട്ടം ലൈഫ് ഗുണഭോക്തൃ കരട് പട്ടിക ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിത-ഭവനരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കി കേരളം ജനകീയ ബദൽ മുന്നേറ്റത്തിന്റെ പുതിയ മാതൃക തീർക്കുകയാണ്. പദ്ധതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് സമൂഹത്തിൽ നിന്ന് ലഭ്യമാകുന്ന വർദ്ധിച്ച പിന്തുണ. ഭൂമിയില്ലാത്തവർക്ക് ഒരു തുണ്ട് ഭൂമി സമ്മാനിച്ച്, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here