കെജിഎഫിലെ തൊഴിലാളി ഇപ്പോൾ ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു; കെജിഎഫിലെ റോക്ക് ഡ്രിൽ ഓപ്പറേറ്ററിൽ നിന്ന് ഓട്ടോ തൊഴിലാളിയായി മാറിയ മലയാളിയുടെ കഥ

0

പാഞ്ഞാൾ: സിനിമ മേഖലയെ ഒന്നാകെ കുലുക്കിയ സിനിമയാണ് കെജിഎഫ്. സിനിമയുടെ പ്രചാരണത്തിനായി നായകനായ യാഷ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതൊക്കെ വാർത്തയായിരുന്നു. എന്നാൽ യാഷിന്റെ റോക്കി ഭായ് ആക്കിയ കെജിഎഫിൽ ജോലി ചെയ്ത ഒരു തൊഴിലാളി ഇവിടെ ജീവിക്കാൻ ഓട്ടോ ഡ്രൈവറായി പണിയെടുക്കുന്നുണ്ട്. പാഞ്ഞാൾ വെള്ളാണ്ടത്ത് ശശിധരൻ നായർ (65) ആണ് കെജിഎഫിലെ റോക്ക് ഡ്രിൽ ഓപ്പറേറ്ററിൽ നിന്ന് ഓട്ടോ തൊഴിലാളിയായി ജീവിക്കുന്നത്.

കെജിഎഫിലെ സ്റ്റോർ കീപ്പറായിരുന്ന അച്ഛൻ കുട്ടിക്കൃഷ്ണൻ നായർ 1976ൽ വിരമിച്ചതിനു ശേഷം 1980ലാണ് ശശിധരൻ കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണ ഖനിയിൽ (കെജിഎഫ്) തൊഴിലാളിയായത്. ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്നു തുടക്കത്തിൽ പ്രവർത്തനമെങ്കിലും പിന്നീട് സംസ്ഥാന സർക്കാരിനു കീഴിൽ കോലാർ ഗോൾഡ് ഫീൽഡായി.

ശശിധരനു പുറമേ മൂന്നു സഹോദരങ്ങളും കെജിഎഫിലെ തൊഴിലാളികളായിരുന്നു. രണ്ടു ലിഫ്റ്റുകൾ ഇറങ്ങിയ ശേഷം ആറു കിലോമീറ്റർ നടന്നാണ് ശശിധരൻ ഉൾപ്പടെയുള്ള തൊഴിലാളികൾ തൊഴിൽ ചെയ്തിരുന്നത്. കോലാർ ഖനി അടച്ചു പൂട്ടരുതെന്നാവശ്യപ്പെട്ട് 1998ൽ എട്ടു പേരടങ്ങുന്ന സംഘം 13 ദിവസം നടത്തിയ നിരാഹാര സമരത്തിൽ ശശിധരനും പങ്കെടുത്തിരുന്നു.

കുറഞ്ഞുവരുന്ന ധാതുനിക്ഷേപവും വർധിച്ച ഉൽപാദനച്ചെലവും മൂലം കമ്പനി നിർത്തിയതോടെ 2000ൽ ആണ് ശശിധരൻ ഉൾപ്പെടെ 3500 പേർക്ക് തൊഴിൽ നഷ്ടമായത്. 2002 ൽ പാഞ്ഞാളിലെത്തിയ ശശിധരൻ 2010 ലാണ് ഓട്ടോ തൊഴിലാളിയായത്. ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനമാണ് ശശിധരന്റെയും തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യ സുമതിയുടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here