കേച്ചേരി ചിട്ടിഫണ്ട് ഉടമ കുടുംബവുമായി മുങ്ങിയത് കോടികളുടെ നിക്ഷേപവുമായി; പണം നഷ്ടമായത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക്

0

പുനലൂർ: കോടിക്കണക്കണക്കിന് രൂപയുടെ ആസ്തിയുമായി ചിട്ടിക്കമ്പനി ഉടമകൾ മുങ്ങിയെന്ന് റിപ്പോർട്ട്. പുനലൂർ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമയായ പുനലൂർ കാര്യറ ഹരിഭവനിൽ വേണുഗോപാൽ, ഭാര്യ ബിന്ദു, മകൻ വിഘ്നേഷ്, ഡ്രൈവർ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് നിക്ഷേപകരെ പറ്റിച്ച് സ്ഥലംവിട്ടത്. മെയ് ഒന്നുമുതൽ ഇവരുടെ വീട് പൂട്ടിക്കിടക്കുകയാണെന്നാണ് ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നത്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുടെ നിക്ഷേപമാണ് ഇവിടെയുള്ളത്.

ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേർ പരാതിയുമായി പുനലൂർ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതു വരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഉടമകൾ മുങ്ങിയെങ്കിലും ചിട്ടി ഓഫീസുകൾ തുറക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ചിട്ടിഫണ്ട് ഉടമകൾ മുങ്ങിയെന്ന വിവരം പൊലീസും രഹസ്യന്വേഷണ വിഭാഗവും സമ്മതിക്കുന്നുണ്ടെന്ന് മറുനാടന്റെ റിപ്പോർട്ടിൽ പറയുന്നു.

1300 കോടി രൂപയുടെ ബാധ്യതയാണ് വേണുഗോപാലിനുള്ളതെന്ന് പറയുന്നു. നിക്ഷേപകരിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും ധാരാളം പേരിൽ നിന്നും ചിട്ടികൾ ചേർത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകൾ പല രീതിയിൽ വഴി മാറ്റി ചെലവാക്കിയതാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണമായത്. നിക്ഷേപകരും ചിട്ടിക്ക് ചേർന്നവരും സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന തുകകൾ പിൻവലിക്കാൻ ചെന്നപ്പോൾ നൽകിയില്ല. മാസങ്ങൾ നീണ്ട അവധി പറയുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം പൊട്ടിയെന്ന് നിക്ഷേപകർക്ക് മനസിലായത്. ധാരാളം നിക്ഷേപകർ ശാഖാ ഓഫീസുകൾക്ക് മുന്നിൽ എത്തിയിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.

പുനലൂരിൽ തന്നെ പത്തോളം പരാതികൾ ചെന്നിട്ടുണ്ട്. എന്നാൽ, കേസെടുത്തിട്ടില്ല. കേസെടുക്കാൻ തങ്ങൾക്ക് നിർദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 14 ബ്രാഞ്ചാണ് ഈ സ്ഥാപനത്തിനുള്ളത്. മിക്കവയും ദിവസങ്ങളായി തുറക്കുന്നില്ല. ചിട്ടി മുതലാളിയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന സംശയം ബലപ്പെടുന്നു. പൊലീസിന് മേലും സമ്മർദം ഉണ്ടായെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here