സര്‍ക്കാര്‍നയത്തിന്റെ ഭാഗമായി മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും കുറഞ്ഞവിലയ്‌ക്കു മദ്യം ലഭ്യമാക്കുന്നതിലെ വീഴ്‌ച വന്‍ദുരന്തത്തിന്‌ ഇടയാക്കുമെന്ന്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌

0

തിരുവനന്തപുരം : സര്‍ക്കാര്‍നയത്തിന്റെ ഭാഗമായി മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും കുറഞ്ഞവിലയ്‌ക്കു മദ്യം ലഭ്യമാക്കുന്നതിലെ വീഴ്‌ച വന്‍ദുരന്തത്തിന്‌ ഇടയാക്കുമെന്ന്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌. സംസ്‌ഥാനത്തു വ്യാജമദ്യവില്‍പ്പന വര്‍ധിച്ചെന്ന സൂചനയുടെ അടിസ്‌ഥാനത്തില്‍ കരുതല്‍നടപടി ആരംഭിച്ചതായും എക്‌സൈസ്‌ വകുപ്പ്‌ വ്യക്‌തമാക്കി.
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കുറഞ്ഞവിലയ്‌ക്കു മദ്യം ലഭിക്കാത്ത സാഹചര്യമാണ്‌ ആശങ്കയ്‌ക്കിടയാക്കുന്നത്‌. സ്‌ഥിരമായി വ്യാജമദ്യം ലഭിക്കുന്ന പ്രദേശങ്ങളും മുമ്പ്‌ വ്യാജമദ്യക്കേസുകളില്‍ ഉള്‍പ്പെട്ടവരും എക്‌സൈസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്‌. റെയ്‌ഡുകളും വ്യാപകമാക്കി. ബാറുകളിലെ സെക്കന്റ്‌സ്‌ വില്‍പ്പനയും പരിശോധനയുടെ ഭാഗമാണ്‌. തൃശൂരിലും എറണാകുളത്തും വ്യാജമദ്യനിര്‍മാണകേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. കര്‍ണാടയില്‍നിന്നു കടത്തിയ സെക്കന്റ്‌സ്‌ മദ്യവും പിടികൂടി.
ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും കുറഞ്ഞവിലയുടെ മദ്യം രണ്ടാഴ്‌ചയായി ലഭ്യമല്ല. ബെവ്‌കോയുടെ വരുമാനത്തിലേറെയും കുറഞ്ഞനിരക്കിലുള്ള മദ്യവില്‍പ്പനയിലൂടെയാണ്‌. ഇടത്തരം ബ്രാന്‍ഡുകളുടെ വിതരണം കമ്പനികള്‍ കുറച്ചതു ബെവ്‌കോയേയും പ്രതിസന്ധിയിലാക്കി. സ്‌പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന്‌ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനാലാണു കമ്പനികള്‍ മദ്യവിതരണം കുറച്ചത്‌. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ബെവ്‌കോയോട്‌ എക്‌സൈസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കരാര്‍പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട്‌ ബെവ്‌കോ നോട്ടീസ്‌ നല്‍കിയെങ്കിലും വിലകൂട്ടാതെ സാധ്യമല്ലെന്ന നിലപാടിലാണു കമ്പനികള്‍. മൂന്നുമാസത്തിനിടെ അഞ്ചുരൂപയാണു സ്‌പിരിറ്റിനു വില വര്‍ധിച്ചത്‌. 72 രൂപയ്‌ക്കാണു സര്‍ക്കാര്‍ ബ്രാന്‍ഡായ ജവാന്‍ റം നിര്‍മാണത്തിനു ബെവ്‌കോ സ്‌പിരിറ്റ്‌ വാങ്ങുന്നത്‌. സ്‌പിരിറ്റ്‌ വിലവര്‍ധന ജവാന്‍ ഉത്‌പാദനത്തേയും ബാധിച്ചു. ജവാന്‍ പ്രതിദിനം 70,000 കെയ്‌സാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. എന്നാല്‍ വിപണകേന്ദ്രങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇതു മതിയാവില്ലെന്നാണു വിലയിരുത്തല്‍.

Leave a Reply