സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ മലയാളികളില്‍ ഒന്നാമതെത്തിയ ദിലീപ്‌ കെ. കൈനിക്കര ഐ.എഫ്‌.എസില്‍നിന്ന്‌ ഐ.എ.എസിലേക്ക്‌

0

സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ മലയാളികളില്‍ ഒന്നാമതെത്തിയ ദിലീപ്‌ കെ. കൈനിക്കര ഐ.എഫ്‌.എസില്‍നിന്ന്‌ ഐ.എ.എസിലേക്ക്‌. കുര്യാക്കോസ്‌-ജോളിമ്മ ദമ്പതികളുടെ മകനാണ്‌ ചങ്ങനാശേരി സ്വദേശിയായ ദിലീപ്‌.
കഴിഞ്ഞവര്‍ഷം ദിലീപ്‌ ഉയര്‍ന്ന റാങ്കില്‍ ഇന്ത്യന്‍ ഫോറസ്‌റ്റ്‌ സര്‍വീസ്‌ (ഐ.എഫ്‌.എസ്‌) നേടിയിരുന്നു. ഇത്തവണ വീണ്ടും ശ്രമിച്ച്‌ ഐ.എ.എസ്‌. കരസ്‌ഥമാക്കി സംസ്‌ഥാനത്ത്‌ ഒന്നാമനായി. ചങ്ങനാശേരി സ്‌റ്റേഷനില്‍നിന്നു വിരമിച്ച സബ്‌ ഇന്‍സ്‌പെക്‌ടര്‍ കുര്യാക്കോസിന്‌ മകനെക്കുറിച്ച്‌ നിറഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. മാതാവ്‌ ജോളിമ്മ പായിപ്പാട്‌ സെന്റ്‌ ജെയിംസ്‌ എല്‍.പി. സ്‌കൂളില്‍ പ്രധാനാധ്യാപികയാണ്‌.
വായനയുടെ ലോകത്താണു ദിലീപ്‌ പഠനകാലം ചെലവഴിച്ചത്‌. വീട്ടില്‍ എല്ലാ വിഭാഗത്തിലുമുള്ള പുസ്‌തകശേഖരമുണ്ടായിരുന്നു, പാഠ്യേതരവിഷയങ്ങളില്‍ ക്വിസ്‌ മത്സരമായിരുന്നു ഏറെ പ്രിയം. ചെറിയക്ല ാസുകള്‍ മുതല്‍ നേടിയ സമ്മാനങ്ങളുടെ വന്‍ശേഖരം വീട്ടിലുണ്ട്‌. കിളിമല എസ്‌.എച്ചില്‍നിന്നു പത്താംതരം ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. തുടര്‍പഠനം ചെത്തിപ്പുഴ പ്ലാസിഡ്‌ ജൂനിയര്‍ കോളജിലായിരുന്നു. മദ്രാസ്‌ ഐ.ഐ.ടിയില്‍ ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിങ്‌ പഠനം. 2018-ല്‍ കാമ്പസ്‌ സെലക്‌ഷനിലൂടെ ദക്ഷിണകൊറിയയിലെ സാംസങ്‌ കമ്പനിയില്‍ ജോലി നേടി. ഒന്നരവര്‍ഷം അവിടെ തുടര്‍ന്നശേഷം മനസില്‍ സൂക്ഷിച്ച സിവില്‍ സര്‍വീസ്‌ മോഹത്തിലേക്ക്‌. ആദ്യശ്രമത്തില്‍ ലഭിച്ച ഐ.എഫ്‌.എസില്‍നിന്ന്‌ അവധിയെടുത്ത്‌ തിരുവനന്തപുരത്ത്‌ പഠിച്ചാണ്‌ ഇപ്പോള്‍ ഐ.എ.എസ്‌. സ്വന്തമാക്കിയത്‌.
ദിലീപിന്റെ വിജയമറിഞ്ഞ്‌ മന്ത്രി വി.എന്‍. വാസവന്‍ പിതാവ്‌ കുര്യാക്കോസിനെ വിളിച്ചിരുന്നു. ജോബ്‌ മൈക്കിള്‍ എം.എല്‍.എ, പഞ്ചായത്ത്‌ പ്രസിഡന്റ കെ.ഡി. മോഹനന്‍, ജില്ലാ കലക്‌ടര്‍ എന്നിവരും അഭിനന്ദനമറിയിച്ചു. ദിലീപ്‌ നാട്ടിലെത്തുമ്പോള്‍ വന്‍സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണു നാട്ടുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here