തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ

0

കൊച്ചി: തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഒ.രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായ അടിയൊഴുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാധാകൃഷ്ണന് മണ്ഡലത്തിൽ വോട്ടില്ല. ബൂത്തുകളിൽ പര്യടനം നടത്തുകയാണ്.

‘ബിജെപിക്ക് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇടതുപക്ഷം എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണുള്ളത്. മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെയടുക്കൽ അടിച്ചപ്പോൾ പതിനായിരം വോട്ടു പോയി. അതാണ് സ്ഥിതി. പിണറായി വിജയന്റെയും വി.ഡി.സതീശന്റെ വാട്ടർലൂ ആകും തൃക്കാക്കര. ഞാൻ അദ്ഭുതം ഉണ്ടാക്കും.’– എ.എൻ.രാധാകൃഷ്ണൻ പറ‍ഞ്ഞു.

അതേസമയം, ബൂത്ത് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രാധാകൃഷ്ണനോട് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് നേരിയ വാക്കേറ്റമുണ്ടായി. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ ‘വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ’, എന്നായി സ്ഥാനാർത്ഥി.

ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം. ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.

നഗരമണ്ഡലമായ തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വൻറി 20 പത്ത് ശതമാനത്തോളം വോട്ട് പിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കും സമാനമായ വോട്ട് ശതമാനം തന്നെയേ നേടാനായുള്ളൂ. അതിനാൽ ട്വൻറി 20-ക്ക് പോയ വോട്ടുകൾ എങ്ങനെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും ഇരട്ടനീതി ഉയർത്തി അന്തിമ ഘട്ടത്തിൽ പി. സി. ജോർജിനെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം വോട്ടുകൾ എങ്ങിനെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ ഇരുമുന്നണികൾക്കും ഒരു പോലെ ആശങ്കയുമുണ്ട്.

അതേസമയം, പി സി ജോർജ് വിഷയം ഇന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. തൃക്കാക്കര ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here