രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി

0

ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്.

അധികാരമില്ലാതിരുന്ന 2003-04ൽ സോണിയാ ഗാന്ധി തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നഗ്മ പറയുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അവസരം നൽകുന്നില്ലെന്നും അതിനുള്ള യോഗ്യത തനിക്ക് ഇല്ലേയെന്നും നഗ്മ ചോദിച്ചു. ‘2003- 04-ൽ കോൺഗ്രസിൽ ചേർന്നപ്പോൾ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരം ഇല്ലാത്ത സമയത്തായിരുന്നു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. അതിന് ശേഷം 18 വർഷം കഴിഞ്ഞു. അതിനിടയിലൊന്നും അവസരം നൽകിയില്ല. എനിക്ക് രാജ്യസഭാ സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?’, നഗ്മ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 10 രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കളെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചത്. ഇതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയതിൽ രാജസ്ഥാൻ കോൺഗ്രസിലും അമർഷം പുകയുകയാണ്.

രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള മൂന്ന് സീറ്റുകളിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരേയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണ് തീരുമാനം. ഇതിൽ നിന്ന് കേന്ദ്ര നേതൃത്വം പിന്തിരിയണമെന്നാണ് രാജസ്ഥാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.
രാജസ്ഥാനിലെ മൂന്നുസീറ്റുകളിലൊന്ന് രൺദീപ് സിങ് സുർജേവാലയ്ക്കാണ്. മുകുൾ വാസ്‌നിക്കിനും പ്രമോദ് തിവാരിക്കുമാണ് മറ്റു രണ്ടുസീറ്റുകൾ. പി. ചിദംബരം തമിഴ്‌നാട്ടിൽനിന്നും ജയ്‌റാം രമേഷ് കർണാടകയിൽനിന്നും രാജ്യസഭയിലെത്തും. രാജീവ് ശുക്ല, രൺജീത്ത് രഞ്ജൻ (ഛത്തീസ്ഗഢ്), അജയ് മാക്കൻ (ഹരിയാണ), വിവേക് ടംഖ (മധ്യപ്രദേശ്), ഇംമ്രാൻ പ്രതാപ്ഗരി (മഹാരാഷ്ട്ര) എന്നിവർക്കാണ് മറ്റു സീറ്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here