അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്നു രാജിവയ്‌ക്കാനുള്ള സന്നദ്ധതയറിയിച്ചു നടന്‍ ഹരീഷ്‌ പേരടി

0

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്നു രാജിവയ്‌ക്കാനുള്ള സന്നദ്ധതയറിയിച്ചു നടന്‍ ഹരീഷ്‌ പേരടി. സ്‌ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ തന്റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന്‌ ഹരീഷ്‌ പേരടി ഫെയ്‌സ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു. ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ്‌ ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിലാണു ഹരീഷ്‌ അമര്‍ഷം പ്രകടിപ്പിച്ചത്‌.
പൊതു സമൂഹത്തിന്‌ ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന സ്‌ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നും പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ഹരീഷ്‌ പേരടി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
അമ്മയിലെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗമായ വിജയ്‌ ബാബുവിനെ സസ്‌പെന്‍ഡ്‌ ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യണമെന്നു ശ്വേത മേനോന്‍ അധ്യക്ഷയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശിപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കുന്നതിലേക്കു വിജയ്‌ ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ചു ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍നിന്നു രാജിവച്ചിരുന്നു.
വിജയ്‌ ബാബുവിനെതിരേ സ്വീകരിക്കേണ്ട നടപടിയെച്ചൊല്ലി സംഘടനയില്‍ അഭിപ്രായവ്യത്യാസം പുകയുകയാണ്‌. നടപടി വേണമെന്നും വേണ്ടെന്നും നിലപാടുള്ള വിഭാഗങ്ങള്‍ സംഘടനയിലുണ്ട്‌. നടപടി എടുത്താല്‍ വിജയ്‌ ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കു തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവരുടെ വാദം.

Leave a Reply