സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യത

0

തിരുവനന്തപുരം: ദക്ഷിണേന്ത്യയ്‌ക്കു മുകളിലെ ന്യൂനമര്‍ദ പാത്തിയുടെയും കിഴക്ക്‌- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്തില്‍ സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.
തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കാമെന്നും വെള്ളിയാഴ്‌ചയോടെ ഇത്‌ ന്യൂനമര്‍ദമായി മാറി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്‌തിപ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്ത്‌ നാളെ വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന്‌ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ശക്‌തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക്‌ ചെയ്യരുത്‌. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളില്‍ അപകടാവസ്‌ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്‌ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്‌ട്രിക്‌ പോസ്‌റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത്‌ അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്‌ക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ അവയുടെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുകയോ ചെയ്യരുത്‌.
ഓല മേഞ്ഞതോ ഷീറ്റ്‌ പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി ബന്ധപ്പെടുകയോ 1077 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കുകയോ ചെയ്യണം. മുന്നറിയിപ്പ്‌ ലഭിക്കുന്നതിനനുസരിച്ച്‌ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക്‌ മാറിത്താമസിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here