ഡൽഹിയിലെ എംഎൽഎമാരുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താനൊരുങ്ങി ആം ആദ്മി സർക്കാർ; പുതിയ തീരുമാനം അനുസരിച്ച് ലഭിക്കുക 90,000 രൂപ

0

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാം​ഗങ്ങളുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താനൊരുങ്ങി ആം ആദ്മി സർക്കാർ.ഇതിനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കുന്നതോടെ എംഎൽഎമാർക്ക് വൻതോതിലുള്ള ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസർക്കാരിന്റെ അനുമതിയെ തുടർന്നാണ് ഡൽഹിയിലെ എംഎൽഎമാരുടെ ആകെ ശമ്പളം 54,000 രൂപയിൽ നിന്ന് 90,000 രൂപയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ഡൽഹി നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഇതിനുള്ള ബിൽ കൊണ്ടുവരും.

നിലവിൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ 54,000 രൂപയാണ് എം.എൽ.എ.മാർക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 30,000 രൂപ ശമ്പളവും അലവൻസ് ഇനത്തിൽ 60,000 രൂപയും ലഭിക്കും (മൊത്തം 90,000). 2015ൽ ഡൽഹി നിയമസഭ ഒരു ബിൽ പാസ്സാക്കിയിരുന്നെങ്കിലും മുൻകൂർ അനുമതി നേടാത്തതിനാൽ അസാധുവായി.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്താനും നിയോജക മണ്ഡലം, സെക്രട്ടേറിയൽ, ടെലിഫോൺ, കൺവെയൻസ് അലവൻസുകൾ പരിഷ്കരിക്കാനും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഡൽഹി സർക്കാർ ഈ നിർദേശം നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയും പാസായിക്കഴിഞ്ഞാൽ അറിയിക്കുകയും വേണം.

“കഴിഞ്ഞ തവണ, 2011 ൽ ശമ്പളം വർദ്ധിപ്പിച്ചു, 2015 ൽ ഞങ്ങൾ നിർദിഷ്ട വർദ്ധനവ് കേന്ദ്രത്തിന് സമർപ്പിച്ചെങ്കിലും അത് നിരസിച്ചു. 2015 ൽ ഞങ്ങൾ 1,80,000 രൂപ പ്രതീക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത ശമ്പള വർധനവിന് കഴിഞ്ഞ ദിവസം ഡൽഹി മന്ത്രിസഭ അം​ഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിന് ലെഫ്. ​ഗവർണർ ഇന്നലെ അം​ഗീകാരം നൽകുകയും ചെയ്തു,” നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാർ കേന്ദ്രം നിർദ്ദേശിച്ച പ്രകാരം 67% വർദ്ധനയ്ക്കുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു.

അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആയിരത്തോളം അങ്കണവാടി ജീവനക്കാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടത് വിവാദമായിരിക്കുകയാണ്. ശമ്പള-ആനുകൂല്യവർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെയാണ് ഡൽഹി സർക്കാർ പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു നടപടി. ജീവനക്കാർക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ ഉത്തരവ് പോലും കൈമാറിയത്. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ മേയ് ഒൻപതുമുതൽ ഡൽഹി വനിതാ ശിശുവകുപ്പിനുമുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഡൽഹി അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറി കമല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹിയിലാകെ 95 പ്രോജക്ടുകളിലായി 11,000 അങ്കണവാടികളാണുള്ളത്. ഇതിൽ വർക്കർമാരും ഹെൽപ്പർമാരുമായി 22,000 പേർ സ്ഥിരം ജീവനക്കാരായി ജോലിചെയ്യുന്നുണ്ട്. വർക്കർമാർക്ക് പതിനായിരം രൂപയും ഹെൽപ്പർമാർക്ക് അയ്യായിരം രൂപയുമാണ് വേതനം. ഡൽഹി സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയന്റെ (ഡി.എ.ഡബ്യു.എച്ച്.യു.) നേതൃത്വത്തിലാണ് ജനുവരി ഒന്നുമുതൽ സമരം ആരംഭിച്ചത്. ജോലിഭാരവും സമയവും കുറയ്ക്കുക, ഓണറേറിയം വർധിപ്പിക്കുക, സർക്കാർജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കുമുന്നിൽ സമരം ആരംഭിച്ചത്. എന്നാൽ തൊഴിലാളികൾക്കു ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഡൽഹിയിൽ നൽകുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. രാജ്യാന്തര വനിതാദിനമായ എട്ടിനു നഗരത്തിൽ വലിയ റാലി ഇവർ നടത്തിയിരുന്നു. ഇതിനുപിന്നാലെ അവശ്യമേഖലയിലെ സമരങ്ങൾ ഒഴിവാക്കാനുള്ള എസ്മ ലെഫ്. ഗവർണർ അനിൽ ബൈജൽ പ്രഖ്യാപിച്ചു.

‘അങ്കണവാടി ജീവനക്കാരും സഹായികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം, ആരോഗ്യപരിശോധന, അനുബന്ധസേവനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് എസ്മ പ്രഖ്യാപിച്ചത്’ അധികൃതർ പറഞ്ഞു. എസ്മ നടപ്പാക്കിയതിനുപിന്നാലെ സമരം തത്‌കാലത്തേക്ക് അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ 990 പേരെ പിരിച്ചുവിട്ടുള്ള രേഖ ജീവനക്കാർക്ക് വാട്‌സാപ്പിലൂടെ സർക്കാർ നൽകി. അതിനുള്ള പ്രതികാരനടപടിയെന്ന നിലയിലാണ് പിരിച്ചുവിടലെന്ന് ജീവനക്കാർ ആരോപിക്കുന്നു. സമരം അടിച്ചൊതുക്കാനാണു കേന്ദ്രവും സംസ്ഥാനസർക്കാരും ശ്രമിക്കുന്നതെന്നു യൂണിയൻ പ്രസിഡന്റ് ശിവാനി പറഞ്ഞു.

രാവിലെ ഒൻപതുമണിക്ക് തുടങ്ങുന്ന ജോലി രാത്രി വീട്ടിലെത്തിയാലും തീരില്ലെന്ന് ജീവനക്കാർ പറയുന്നു. കുട്ടികളുടെ പരിപാലത്തിനുപുറമേ മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, വൃദ്ധർ എന്നിവർക്കുള്ള പരിചരണ റിപ്പോർട്ട് തയാറാക്കണം, അവർക്ക് പോഷകാഹാരം വിതരണംചെയ്യണം എന്നിവയും അങ്കണവാടി ജീവനക്കാരുടെ കർത്തവ്യത്തിൽപ്പെടുന്നു. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സർവേകളും ജീവനക്കാരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. ഇതിനെല്ലാംകൂടി തുച്ഛമായ ശമ്പളം. പി.എഫ്, പെൻഷൻ തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ഇല്ല. ഇത്തരത്തിൽ 35 വർഷം ജോലിചെയ്ത ജീവനക്കാരിയെ ശമ്പളവർധന ആവശ്യപ്പെട്ടതിനെത്തുടർന്ന് വാട്‌സപ്പിലൂടെയാണ് ജോലിയിൽനിന്നു നീക്കം ചെയ്തതായി അറിയിച്ചത്. മനുഷ്യത്വരഹിതമാണ് ആം ആദ്മി സർക്കാരിന്റെ നിലപാടെന്നും ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻപോലും വകുപ്പ് മന്ത്രിയുൾപ്പടെയുള്ള സർക്കാർവൃത്തങ്ങൾ തയാറായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

Leave a Reply