പകല്‍ കറങ്ങിനടന്ന് പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; മൂന്നുപേര്‍ പിടിയില്‍

0

പാലക്കാട്: പകല്‍ പട്ടണത്തില്‍ കറങ്ങിനടന്ന് പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്ന മൂന്നുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.

മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും മറ്റുരണ്ടുപേര്‍ക്കൊപ്പം രാത്രിയെത്തി തൊഴുത്തില്‍നിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമാണ് പതിവെന്ന് പോലീസ് പറയുന്നു. സ്ഥലത്തുനിന്നുമാറി നിര്‍ത്തിയിട്ട ട്രാവലറില്‍ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയാണെന്നും പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനം, ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി പശുക്കളെ നിര്‍ത്താന്‍ പാകത്തില്‍ പ്രത്യേകം രൂപകല്പന ചെയ്തിരിക്കുകയാണ്.

പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികള്‍ വന്നതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ പി.ആര്‍. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാര്‍, ഉണ്ണിക്കണ്ണന്‍, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here