പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

0

പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു സാഗർ വിൻസന്റ് ഹർജി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടിസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗർ വിൻസന്റ്. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന് ആശങ്കയുണ്ടെന്ന് ഹർജിയിൽ ഇയാൾ വ്യക്തമാക്കിയിരുന്നു. തെറ്റായി മൊഴി നൽകാൻ ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മർദമുണ്ടെന്നും ഹർജിയിൽ ആക്ഷേപമുണ്ട്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here