സില്‍വര്‍ലൈനിന്റെ ഭാവി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ തീരുമാനിക്കും

0

തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ ഭാവി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ തീരുമാനിക്കും. പദ്ധതി നടപ്പാക്കുമെന്നു ശക്‌തമായ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്‌ ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും എങ്ങനെയും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സി.പി.എമ്മിന്റെ മുന്നോട്ടുള്ള യാത്ര. അതുപോലെ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും ഈ തെരഞ്ഞെടുപ്പ്‌ ഏറെ നിര്‍ണായകമാകും.
കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ്‌ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നിരിക്കുന്നത്‌. യു.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിലാണു തെരഞ്ഞെടുപ്പ്‌ നടക്കുന്നതെങ്കില്‍പോലും ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും ഈ തെരഞ്ഞെടുപ്പ്‌ ഏറെ നിര്‍ണായകവുമാണ്‌.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടക്കുന്ന ആദ്യത്തേത്‌ എന്നതിലുപരി, സില്‍വര്‍ലൈന്‍ വിഷയം കത്തിക്കയറികൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന പരീക്ഷണം എന്ന പ്രത്യേകതകൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്‌. അതുകൊണ്ടുതന്നെ ഏത്‌ വിധേനയേയും വിജയം കൈപ്പിടിയിലൊതുക്കാനുള്ള കഠിനശ്രമത്തിലാണ്‌ ഇടതുമുന്നണി, വിജയിച്ചില്ലെങ്കില്‍പ്പോലും കഴിഞ്ഞ തവണത്തേതില്‍നിന്നു പ്രകടനം മെച്ചമാക്കാനെങ്കിലും കഴിയണം എന്നാണ്‌ നിലപാട്‌. അത്തരത്തില്‍ ഉണ്ടാകുകയാണെങ്കില്‍ അത്‌ സില്‍വര്‍ലൈനിന്‌ അനുകൂലമായ റഫറണ്ടമായി സര്‍ക്കാരും സി.പി.എമ്മും ഉയര്‍ത്തികൊണ്ടുവരും. അതിന്‌ കഴിഞ്ഞില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ച്‌ രണ്ടാമതൊരു ചിന്തകൂടി സര്‍ക്കാരിന്‌ നടത്തേണ്ടിവരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഭാഗമായി വേണ്ടിവരുമോയെന്നാണ്‌ പലരും ഉറ്റുനോക്കുന്നത്‌.
ഈ സാഹചര്യത്തില്‍ ആ മണ്ഡലം പിടിച്ചെടുക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ പ്രാവര്‍ത്തികമാക്കാനാണ്‌ ശ്രമം. അതിന്റെ ഭാഗമായാണ്‌ പ്രഫ: കെ.വി. തോമസിനെ വിലയിരുത്തുന്നതും. കെ.വി. തോമസ്‌ പ്രതിനിധാനം ചെയ്‌തിരുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃക്കാക്കരയില്‍ അദ്ദേഹത്തിന്‌ വേണ്ടത്ര സ്വാധീനമുണ്ടെന്നാണ്‌ ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അദ്ദേഹത്തിന്റെ സഭയേക്കാള്‍ മറ്റുവിഭാഗങ്ങളാണ്‌ അവിടെ ഭൂരിപക്ഷമെങ്കിലും കെ.വി. തോമസിന്റെ സാന്നിധ്യം ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here