നിജില്‍ദാസിനു താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിയാതെയെന്ന്‌ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം

0

കണ്ണൂര്‍: ഹരിദാസന്‍ വധക്കേസ്‌ പ്രതിയായ ആര്‍.എസ്‌.എസ്‌. നേതാവ്‌ നിജില്‍ദാസിനു താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിയാതെയെന്ന്‌ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. കുറച്ചു ദിവസത്തേക്കു വീട്‌ വേണമെന്നു നിജിലിന്റെ ഭാര്യയാണെന്ന്‌ ആവശ്യപ്പെട്ടതെന്നും അവര്‍ രേഷ്‌മയെ ചതിക്കുകയായിരുന്നെന്നു പിതാവ്‌ പറഞ്ഞു.
രേഷ്‌മയുടെ സുഹൃത്തായ നഴ്‌സാണ്‌ ഭര്‍ത്താവാണെന്ന്‌ പറഞ്ഞ്‌ നിജിലിനെ പരിചയപ്പെടുത്തിയത്‌. അതിന്മുന്‍പ്‌ നിജിലുമായി പരിചയമുണ്ടായിരുന്നില്ല. നിജില്‍ പ്രതിയാണെന്ന്‌ രേഷ്‌മയ്‌ക്ക്‌ അറിയില്ലായിരുന്നു. രാവിലെ പോലീസ്‌ വീട്ടില്‍ എത്തിയപ്പോഴാണ്‌ സംഭവം അറിയുന്നത്‌. സ്‌ഥിരമായി വാടകയ്‌ക്ക്‌ നല്‍കുന്ന വീടാണിത്‌. നിജില്‍ ദാസിനു രേഷ്‌മ വീട്ടില്‍നിന്ന്‌ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അറിയുമായിരുന്നു. ആര്‍ക്കാണ്‌ ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതെന്ന്‌ ഞങ്ങള്‍ ചോദിക്കുമായിരുന്നല്ലോ? ജീവിതത്തില്‍ ഒരിക്കലും ബി.ജെ.പിയായിട്ടില്ല.
രേഷ്‌മയുടെ സുഹൃത്തിന്റെ ഭര്‍ത്താവ്‌ എന്ന നിലയ്‌ക്കാണ്‌ വീടു നല്‍കിയത്‌. എഗ്രിമെന്റ്‌ തയാറാക്കി ഒപ്പിട്ടു വാങ്ങിയിരുന്നു. ദിവസം 1500 രൂപ വാടക എന്നായിരുന്നു കരാര്‍. ദിപിന ഇപ്പോള്‍ നഴ്‌സായി ജോലി ചെയ്യുകയാണ്‌. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണ്‌ രേഷ്‌മയുടെയും ദിപിനയുടെയും വീട്‌. കുട്ടിക്കാലം മുതല്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. മകളുടെ ഭര്‍ത്താവ്‌ പ്രശാന്തിന്റെയും ഞങ്ങളുടെയും സമ്മതത്തോടെയാണ്‌ വീട്‌ വാടകയ്‌ക്ക്‌ കൊടുത്തത്‌. പക്ഷേ, പുലര്‍ച്ചെ, പോലീസ്‌ വീട്ടില്‍ വന്നതോടെയാണ്‌ അബദ്ധം പറ്റിയതായി മനസ്സിലായത്‌. കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞിരുന്നില്ല.
മകളെക്കുറിച്ച്‌ സിപിഎം കേന്ദ്രങ്ങളില്‍നിന്നു വരുന്ന പ്രചാരണം കേട്ടു നടുങ്ങിയിരിക്കുകയാണ്‌. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയ്‌ക്കടുത്ത്‌, പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത്‌ സി.പി.എം. പ്രവര്‍ത്തകനെ കൊന്ന പ്രതി ഒളിവില്‍ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്‌ചയും നാണക്കേടുമെല്ലാം മറയ്‌ക്കാന്‍ അവര്‍ തന്റെ മകള്‍ക്കെതിരെ കള്ളക്കഥകള്‍ പടച്ചുവിടുകയാണ്‌. രേഷ്‌മയുടെ പിതാവ്‌ രാജന്‍ പറഞ്ഞു.

പ്രശാന്തിന്റെ പിതാവ്‌ പിണറായിയുടെ അടുപ്പക്കാരനെന്ന്‌ ബന്ധുക്കള്‍

പ്രശാന്തിന്റെ അച്‌ഛന്‍ മൂര്‍ക്കോത്ത്‌ വേണു പിണറായി വിജയന്റെ അടുപ്പക്കാരനാണെന്ന്‌ പ്രശാന്തിന്റെ ബന്ധുക്കള്‍ പറയുന്നു. ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണ്‌, ബി.ജെ.പി. പ്രവര്‍ത്തകരാണ്‌ എന്നൊക്കെയാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ ഞങ്ങളെപ്പറ്റി പറയുന്നത്‌. അതു തെറ്റാണ്‌. പാണ്ട്യാല മുക്കിലുള്ളത്‌ പ്രശാന്തിന്റെ തറവാട്ടു വീടാണ്‌. ഈ വീട്‌ പ്രശാന്ത്‌ സ്വന്തം പേരിലാക്കുകയും പുതുക്കിപ്പണിയുകയും ചെയ്‌തതോടെ പ്രശാന്തിന്റെ അമ്മയും സഹോദരങ്ങളും ഇവരുമായി സ്വരച്ചേര്‍ച്ചയിലല്ല. രണ്ടു വര്‍ഷം മുന്‍പു നിര്‍മിച്ച പാണ്ട്യാല മുക്കിലെ പ്രശാന്തിന്റെ ഈ വീട്ടിലാണ്‌ നിജില്‍ദാസ്‌ ഒളിച്ചു താമസിച്ചതും തുടര്‍ന്ന്‌ അറസ്‌റ്റിലായതും. ഈ വീടിന്റെ ചുറ്റുവട്ടത്തെല്ലാം പ്രശാന്തിന്റെ സഹോദരങ്ങളാണ്‌ താമസിക്കുന്നത്‌. പ്രശാന്തിന്റെ ആണ്ടലൂര്‍ക്കാവിലുള്ള വീട്ടിലാണ്‌ രേഷ്‌മയും രണ്ടു മക്കളും രേഷ്‌മയുടെ മാതാപിതാക്കളും താമസിക്കുന്നത്‌. കഴിഞ്ഞ മാസം 23നാണ്‌ പ്രശാന്ത്‌ സൗദിയിലേക്കു മടങ്ങിപ്പോയത്‌. കോവിഡ്‌ മൂലം പ്രശാന്ത്‌ ഏറെ നാള്‍ നാട്ടിലുണ്ടായിരുന്നു. വീട്‌ അടിച്ചുവാരാനും വൃത്തിയാക്കാനുമെല്ലാം രേഷ്‌മ ഇടയ്‌ക്കിടെ പാണ്ട്യാല മുക്കിലെ വീട്ടില്‍ പോകാറുണ്ട്‌. സ്‌ഥിരമായി ആര്‍ക്കും ഈ വീട്‌ വാടകയ്‌ക്കു നല്‍കിയിരുന്നില്ല. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്കായി ദിവസ വാടകയ്‌ക്കാണ്‌ വീടു നല്‍കിയിരുന്നത്‌. 1500 രൂപയാണ്‌ ദിവസ വാടക ഈടാക്കിയിരുന്നത്‌. നിജിലിന്‌ വാടകയ്‌ക്കു നല്‍കുന്നതിനു മുന്‍പ്‌ “പിണറായി പെരുമ” എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കലാകാരന്മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ്‌ വീട്‌ വാടകയ്‌ക്കു നല്‍കിയിരുന്നത്‌. – രേഷ്‌മയുടെ ബന്ധുക്കള്‍ പറഞ്ഞു.

പ്രശാന്തിന്‌ ആര്‍.എസ്‌്.എസ്‌. ബന്ധം: എം.വി. ജയരാജന്‍

രേഷ്‌മയുടെ ഭര്‍ത്താവ്‌ പ്രശാന്തിന്‌ ആര്‍.എസ്‌.എസ്‌ ബന്ധമാണുള്ളതെന്ന്‌ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായി ഏരിയ സെക്രട്ടറി കെ ശശിധരനും പറഞ്ഞു. പ്രശാന്ത്‌ ശബരിമല വിധിയെത്തുടര്‍ന്ന്‌ പരസ്യമായി ആര്‍എസ്‌എസ്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചതെന്നാണ്‌ നേതാക്കള്‍ പറഞ്ഞിരുന്നത്‌.
കോവിഡ്‌ പശ്‌ചാത്തലത്തില്‍ 2021ല്‍ അണ്ടലൂര്‍ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താന്‍ ക്ഷേത്രകമ്മിറ്റിയും ഊരാളന്മാരും തറവാട്ടുകാരും തീരുമാനിച്ചപ്പോള്‍ അതിനെതിരേ ആര്‍.എസ്‌.എസ്‌ നടത്തിയ നാമജപഘോഷയാത്രക്ക്‌ സഹായം ചെയ്‌തതും പ്രശാന്ത്‌ ഉള്‍പ്പെട്ട സംഘമാണ്‌. ക്ഷേത്രം കുടുംബസ്വത്താണെന്ന വാദം ഉന്നയിച്ച്‌ വിഭാഗീയത സൃഷ്‌ടിക്കാനും ശ്രമിച്ചു. ഈ ബന്ധത്തിന്റെ കൂടി ഭാഗമായാണ്‌ പ്രശാന്തിന്റെ ഭാര്യ രേഷ്‌മ കൊലക്കേസ്‌ പ്രതിയെ വീട്ടില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ചത്‌. പ്രശാന്തിന്‌ സി.പി.എമ്മുമായി ഒരു ബന്ധവുമില്ല. എം.വി. ജയരാജന്‍ പറഞ്ഞു.

വീട്‌ ആവശ്യപ്പെട്ടത്‌ നിജില്‍ദാസിന്റെ ഭാര്യ

അമ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ്‌ നിജില്‍ദാസിന്റെ ഭാര്യ ദിപിന എന്ന്‌ രേഷ്‌മയുടെ മകള്‍ പറഞ്ഞു. ദിപിന ആന്റി ആവശ്യപ്പെട്ടിട്ടാണ്‌ അമ്മ വീട്‌ നല്‍കിയത്‌. 4 ദിവസത്തേക്കാണ്‌ വീടു നല്‍കിയത്‌. വീട്ടില്‍ കുറച്ചു പ്രശ്‌നങ്ങളുള്ളതിനാല്‍ മാറി നില്‍ക്കണമെന്ന്‌ അമ്മയോടു പറഞ്ഞത്‌ ദിപിനയാണ്‌്. വാട്‌സാപ്പില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്‌ സഹിക്കാനാവുന്നില്ല.- രേഷ്‌മയുടെ മകള്‍ പറഞ്ഞു.
ഞങ്ങള്‍ പാരമ്പര്യമായി സി.പി.എമ്മുകാരാണ്‌. ഇതുവരെ ചെയ്‌തതും പ്രവര്‍ത്തിച്ചതുമെല്ലാം പാര്‍ട്ടിക്കുവേണ്ടി മാത്രം. പക്ഷേ, അവസാനം ഇങ്ങനെ വന്നല്ലോ എന്നു പറഞ്ഞ്‌ രേഷ്‌മയുടെ അമ്മ പൊട്ടിക്കരഞ്ഞു. മകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം അസത്യങ്ങളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here