ശാരീരിക പീഡനത്തെ തുടര്‍ന്ന്‌ നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ

0

കോഴിക്കോട്‌: ശാരീരിക പീഡനത്തെ തുടര്‍ന്ന്‌ നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി മൂന്നാര്‍ ദേവികുളത്ത്‌ താമസിച്ചു വരുന്ന ബീന എന്ന ഹസീനയ്‌ക്ക്‌ ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.
കോഴിക്കോട്‌ ഫസ്‌റ്റ്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജ്‌ കെ അനില്‍കുമാറാണ്‌ ശിക്ഷ വിധിച്ചത്‌. പിഴ അടയ്‌ക്കാത്ത പക്ഷം മൂന്നു വര്‍ഷം അധിക കഠിനതടവ്‌ അനുഭവിക്കണം.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്‌തരിക്കുകയും 15 രേഖകളും രണ്ട്‌ തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു. ഈ കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഒളിവിലാണ്‌. 1991 നവംബര്‍ 21 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഹസീനയും കാമുകന്‍ മംഗലാപുരം സ്വദേശി ഗണേശനും ചേര്‍ന്ന്‌ വളര്‍ത്തുന്നതിനായി കര്‍ണാടക സ്വദേശിനിയായ മഞ്ചുവില്‍ നിന്നും വാങ്ങിയ നാലര വയസ്സുള്ള മിനി എന്ന ശാരിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഓയിറ്റി റോഡിലെ സെലക്‌ട്‌ ലോഡ്‌ജില്‍ താമസിച്ചിരുന്ന പ്രതികള്‍ പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ച ശേഷം അവിടെ നിന്നും മുങ്ങി. തുടര്‍ന്ന്‌ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും ഒളിവില്‍ പോയി.
രണ്ടാം പ്രതിയായ ബീനയെ 28 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2021 മാര്‍ച്ച്‌ 30 ന്‌ ടൗണ്‍ പൊലീസ്‌ എറണാകുളം കളമശ്ശേരിയില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ വിചാരണ തീരുംവരെ രണ്ടാം പ്രതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍മാരായ സതീഷ്‌ ചന്ദ്രന്‍, ടി പി പീതാംബരന്‍, വി വി നാരായണന്‍, രാജ്‌മോഹന്‍ എന്നിവര്‍ അനേ്വഷണം നടത്തിയ കേസില്‍ ടി കെ രാജ്‌മോഹനാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ: ജോജു സിറിയക്ക്‌, അഡ്വക്കേറ്റ്‌ മുഹസീന കെ എന്നിവരും പ്രതിഭാഗത്തിന്‌ അഡ്വക്കേറ്റ്‌ ശ്യാംജിത്തും ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here