ആലുവ ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

0

കൊച്ചി: ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമികൾ ബൈക്കിലും കാറിലുമായിട്ടാണ് എത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പൊലീസിന്റെ വലയിലായതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ഗുണ്ടകളുടെ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുന്‍ പഞ്ചായത്ത് അംഗമായ പി സുലൈമാനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടാസംഘം വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here