മകൾ പോയത് കഴുകൻ കൂട്ടങ്ങളുടെ ഇടയിലേക്ക്; റാഞ്ചിക്കൊണ്ടു പോകാൻ കഴുകന്മാർ നിൽക്കുന്നുണ്ടെന്ന് ഓരോ മാതാപിതാക്കളും ഓർക്കണമെന്നും ജോസഫ്; ഹർജി തീർപ്പാക്കിയതിന് പിന്നാലെ ജോയ്‌സ്‌നയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ..

0

കൊച്ചി: ഇനി മകളെ കാണാൻ താത്പര്യമില്ലെന്ന് കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. തന്നെ കാണാൻ വരുന്നത് എന്തിനാണ്, അത് അവസാനിച്ചെന്നും മകളുടെ മുന്നിൽ തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ്.

മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്‌സ്‌ന കോടതിയിൽ വച്ച് പറഞ്ഞിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ മാതാപിതാക്കളോട് സംസാരിക്കാനുള്ളു എന്നും ജോയ്‌സ്‌ന പറഞ്ഞിരുന്നു. ഇതിനോടായാരുന്നു ജോസഫിന്റെ പ്രതികരണം. കഴുകൻകൂട്ടങ്ങൾക്ക് ഇടയിലേക്കാണ് മകൾ പോയത്. റാഞ്ചിക്കൊണ്ടു പോകാൻ കഴുകന്മാർ നിൽക്കുന്നുണ്ടെന്ന് ഓരോ മാതാപിതാക്കളും ഓർക്കണമെന്നും ജോസഫ് ആരോപിച്ചു.

ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നും തന്നെ തടവിൽ പാർപ്പിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. മകൾ രാജ്യം വിട്ടു പോയേക്കുമെന്നു മാതാപിതാക്കൾ കോടതിയിൽ ആശങ്ക അറിയിച്ചു. എന്നാൽ നിലവിൽ അതിനു സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷൻ ചെയ്തിട്ടുമുണ്ട്. അതിനാൽ വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുൺ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സത്യാവസ്ഥ തുറന്നുപറഞ്ഞ് ജോയ്സ്ന ജോസഫും എം.എസ്.ഷെജിനും

വീട്ടിൽ വിവാഹാലോചനകൾ നടക്കുണ്ടായിരുന്നതിനാൽ ഷെജിനുമായുള്ള ഇഷ്ടത്തെക്കുറിച്ച് താൻ വീട്ടിൽ പറഞ്ഞിരുന്നില്ലെന്നാണ് ജോയ്‌സ്‌ന പറയുന്നത്. അനിയത്തിക്ക് ഷെജിന്റെ കാര്യം അറിയാവുന്നതുകൊണ്ടുതന്നെ എതിർപ്പു പറഞ്ഞാൽ അതിന്റെ കാരണം പെട്ടെന്നു വീട്ടിലറിയും. ഇതോടെ ഷെജിനെ ഫോൺ വിളിക്കാൻ പോലും പറ്റാത്ത സ്ഥിതിയാകും. ഇത് അറിയാവുന്നതുകൊണ്ട് താൻ വിവാഹാലോചനയിൽ എതിർപ്പും പറഞ്ഞിരുന്നില്ലെന്നും ജോയ്‌സ്‌ന പറയുന്നു.

ഒരുപാട് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. താൻ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ഇറങ്ങിപോയതെന്നാണ് ചിലർ പറയുന്നത്. എന്നാൽ അത് കളവാണെന്നും പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നതിന്റെ തലേ ദിവസമാണ് ഇറങ്ങിയതെന്നും യുവതി പറയുന്നു. പെണ്ണുകാണാൻ വന്നു കഴിഞ്ഞ് കല്യാണം ഉറപ്പിക്കുകയും ചെയ്‌താൽ എല്ലാവർക്കും അതൊരു പ്രയാസമാകുമെന്നും അതുകൊണ്ടാണ് തലേന്ന് ഇറങ്ങിയതെന്ന് ഷെജിനും പറയുന്നു.

ഏപ്രിൽ 9നാണ് ജോയ്‌സ്‌ന വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് പപ്പ വിളിച്ചെങ്കിലും എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം താൻ ഫോൺ എടുത്തില്ലെന്ന് യുവതി പറയുന്നു. അതോടെ ഷെജിന്റെ കാര്യം അറിയാവുന്ന അനിയത്തി ഷെജിന്റെ ഫോണിൽ വിളിക്കുകയായിരുന്നു. ആ സമയത്ത് ഒഴിവാക്കാൻ വേണ്ടി ‘എന്നെ വിടടാ..’ എന്ന് താൻ പറഞ്ഞെന്നും ജോയ്‌സ്‌ന പറയുന്നു. ഇതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തമാശയ്ക്ക് പറഞ്ഞ കാര്യം ആശയക്കുഴപ്പത്തിലേക്കും സമരത്തിലേക്കും ഒക്കെ പോവുകയായിരുന്നെനും യുവതി പറയുന്നു.

അതേസമയം തന്നെ കുറിച്ചും പല കഥകൾ പ്രചരിക്കുന്നുണ്ടെന്ന് ഷെജിൻ പറയുന്നു. പോലീസ് സ്റ്റേഷനിൽ പാർട്ടിയുമായി ചെന്നപ്പോൾ പോലീസുകാർ പറഞ്ഞത് ഇവന് കഴിഞ്ഞയാഴ്ചയും ഇവിടെ ഒരു കേസുണ്ടായിരുന്നല്ലോ എന്നാണ്. ആ കേസ് എന്താണെന്ന് അത് പറഞ്ഞ പൊലീസുകാരനെ കിട്ടിയിരുന്നെങ്കിൽ ചോദിക്കാമായിരുന്നു എന്നാണ് ഷെജിൻ പറയുന്നത്. അതോടൊപ്പം തന്നെ തന്റെ മുൻ പ്രണയത്തെ കുറിച്ചും ഷെജിൻ വെളിപ്പെടുത്തി. മൂന്ന് നാല് വർഷം മുമ്പ് വീടിനടുത്തുള്ള ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ആ പെൺകുട്ടിയും ക്രിസ്ത്യാനിയായിരുന്നു.

പ്രണയത്തിലായി കഴിഞ്ഞ് വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി. പോകുന്നതിന് മുമ്പ് ആ പെൺകുട്ടി തനിക്ക് മെസ്സേജ് അയച്ചത് ‘സഖാ, പ്രാർഥിക്കണേ’ എന്നാണെന്നും എന്നാൽ മടങ്ങിവന്നപ്പോഴേക്കും അവളുടെ മനസ്സു മാറിയെന്നും ഷെജിൻ പറയുന്നു.

തനിക്ക് ക്രിസ്ത്യാനിയായി ജീവിച്ചാൽ മതിയെന്നും മാതാപിതാക്കളെ അനുസരിക്കാതിരിക്കാൻ കഴിയില്ലെന്നും നമുക്ക് പിരിയാം എന്നും പറഞ്ഞ് അത് അവസാനിക്കുകയായിരുന്നു എന്നും ഷെജിൻ പറഞ്ഞു. എന്നാൽ മൂന്നു പെൺകുട്ടികളുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന മട്ടിലായിരുന്നു പ്രചാരണങ്ങൾ. അത് ആരൊക്കെയാണെന്ന് പേരു വെളിപ്പെടുത്താനെങ്കിലും അവർ തയാറാകണമെന്ന് ഷെജിൻ പറയുന്നു. ഇക്കാര്യങ്ങളെല്ലാം തനിക്കറിയാമെന്നും തന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് ജോയ്‌സ്‌നയും പറയുന്നു.

ആദ്യം പാർട്ടിക്ക് ആശങ്കയായിരുന്നെന്നും എന്നാൽ ഇപ്പോൾ സിപിഎം ശക്തമായി കൂടെയുണ്ടെന്ന് ഷെജിൻ പറഞ്ഞു. ജോയ്സനയെ തട്ടിക്കൊണ്ടുപോയെന്നൊക്കെ പ്രചരിച്ചപ്പോൾ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാതായതോടെയാണ് ആദ്യം പാർട്ടിക്ക് ഒരു ആശങ്കയുണ്ടായത്. എന്നാൽ പിന്നീട് ആശയ കുഴപ്പങ്ങളൊക്കെ മാറി, ഇപ്പോൾ പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ഡിവൈഎഫ്ഐ ആണ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായി അഡ്വ.കെ.എസ്.അരുൺ കുമാറിനെ ചുമതലപ്പെടുത്തിയത്. ഡിവൈഎഫ്ഐയും പാർട്ടിയും ഉറച്ച നിലപാട് അറിയിച്ചതോടെയാണ് പ്രശ്നങ്ങളെല്ലാം തീർന്നതെന്നും ഷെജിൻ പറഞ്ഞു.

നിയമനടപടികളെകുറിച്ചും ഷെജിൻ വിശദീകരിച്ചു. ജോയ്സ്നയെ കാണാനില്ലെന്ന പരാതിയിൽ ഏപ്രിൽ 12 ന് താമരശേരി കോടതിയിൽ ഹാജരാകണമായിരുന്നു. ഇതിനായി സംരക്ഷണം തരാമെന്നു പറഞ്ഞ് പൊലീസ് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ഡിവൈഎഫ്ഐയ്ക്കു വേണ്ടി പലവട്ടം പൊലീസ് സ്റ്റേഷനിൽ കയറി അവരുടെ സ്വഭാവം നന്നായി അറിയാമായിരുന്നതുകൊണ്ട് പൊലീസ് പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് തങ്ങൾ 12ന് ആലപ്പുഴയിലെ താമരക്കുളത്തുനിന്ന് കോഴിക്കോട് താമരശേരി കോടതിയിലെത്തിയതെന്ന് ഷെജിൻ പറഞ്ഞു. കോടതിയിലെത്തുന്നതിനു മുൻപ് തങ്ങളെ പൂട്ടാനും ജോയ്സ്നയെ വീട്ടുകാർക്കരികിലെത്തിക്കാനും പൊലീസ് പലയിടത്തും കാത്തു കിടക്കുന്നുണ്ടായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.

മൊഴി കൊടുത്ത് ഇറങ്ങിയപ്പോൾ പൊലീസ് തങ്ങളെ തടഞ്ഞു വയ്ക്കുകയും ദേഷ്യപ്പെട്ട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നും അവിടെനിന്ന് ഒരുവിധം താൻ ജോയ്സ്നയെയും വിളിച്ചുകൊണ്ട് പോരുകയായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാൻ വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട്. 30 ദിവസത്തെ നോട്ടിസ് കാലയളവിലാണ് ഇപ്പോൾ. ജോയ്സ്നയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപസ് 19ന് ഹൈക്കോടതിയിൽ ഹാജരാകുന്നതോടെ അവസാനിക്കും. അതോടെ നിയമപ്രശ്നങ്ങൾ മാറുമെന്നാണു ഇവരുടെ പ്രതീക്ഷ.

പ്രണയബന്ധത്തിലേക്കെത്തിയ കഥയും ഷെജിൻ പറയുന്നുണ്ട്. ഒരേ പഞ്ചായത്തുകാരായതിനാൽ വർഷങ്ങളായി ഇരുവർക്കും പരിചയമുണ്ടായിരുന്നു. വിലപ്പോഴും ഒരു ഹായ് അല്ലാതെ വേറെ മെസ്സേജുകളും അയച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ പിറന്നാളിന് ജോയ്സ്ന അയച്ച ഒരു മെസേജിലൂടെയാണ് പ്രണയത്തിലേക്കെത്തിയതെന്ന് ഷെജിൻ പറയുന്നു. തന്നെക്കുറിച്ചുള്ള നല്ലവശങ്ങളും നെഗറ്റിവുകളും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ബന്ധം തുടങ്ങിയതെന്നും ജോയ്‌സ്‌ന തനിക്കു പറ്റുന്നൊരാളാണെന്നു തോന്നിയതു കൊണ്ടാണ് മുന്നോട്ടു പോയതെന്നും ഷെജിൻ പറയുന്നു. ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് വളരെ അടുപ്പമുള്ള കുറച്ചു പേർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ ഒന്നിച്ചു ജീവിക്കാനായി ജോയ്സ്നയെ വിളിച്ചുകൊണ്ടു വരുമെന്ന് ആർക്കും നേരത്തേ അറിയില്ലായിരുന്നെന്നും ഷെജിൻ പറഞ്ഞു.

ആദ്യം ഏപ്രിൽ 6ന് ആണ് ഇറങ്ങാൻ തീരുമാനിച്ചത്. എന്നാൽ അന്ന് സാഹചര്യം ഒത്തു വന്നില്ല. അങ്ങനെയാണ് ഒൻപതാം തീയതി വരെ നീണ്ടത്. ജോയ്സ്ന ഏതു വിശ്വാസത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നോ അതിൽ തുടരാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ഈസ്റ്ററിന് ഇപ്പോൾ താമസിക്കുന്ന ആലപ്പുഴ താമരക്കുളത്തെ വീടിനടുത്തുള്ള പള്ളിയിൽ പ്രാർഥിക്കാൻ പോയതെന്നും ഷെജിൻ കൂട്ടിച്ചേർത്തു. വീട്ടുകാരുമായി ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന് ഫോണിലൂടെ സംസാരിക്കാനില്ലെന്നും നേരിട്ടു സംസാരിച്ചാൽ മതിയെന്നുമാണ് വീട്ടുകാർ പറഞ്ഞതെന്നാണ് ജോയ്‌സ്‌ന പറഞ്ഞത്. അതേസമയം തന്റെ വീട്ടിൽ ഈ വിവാഹം ഒരു പ്രശ്നമല്ലെന്ന് ഷെജിനും പറഞ്ഞു.

Leave a Reply