ആന്ധ്രപ്രദേശിൽ പുതുതായി രൂപീകരിച്ച 13 ജില്ലകൾ തിങ്കളാഴ്ച നിലവിൽ വരും

0

ഹൈദരാബാദ്∙ ആന്ധ്രപ്രദേശിൽ പുതുതായി രൂപീകരിച്ച 13 ജില്ലകൾ തിങ്കളാഴ്ച നിലവിൽ വരും. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്ഘാടനം നിർവ്വഹിക്കും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജനുവരി 26നാണ് പുതിയ ജില്ലകൾ രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.

ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം ഇരട്ടിയായി. നിലവിൽ 13 ജില്ലകൾ ഉണ്ടായിരുന്നത് 26 ആകും. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ഒമ്പത് ജില്ലകൾ ആന്ധ്രപ്രദേശ് വിട്ടുനൽകിയിരുന്നു. പുതിയ ജില്ലകൾ വരുന്നതോടെ ഉണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനായി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഓഫിസ് അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ച തന്നെ ജില്ലാ ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കണം. ജില്ലാ രൂപീകരണത്തിനായി അക്ഷീണം പ്രയത്നിച്ച സന്നദ്ധ പ്രവർത്തകരെ എല്ലാ വില്ലേജ്, വാർഡ് സെക്രട്ടേറിയറ്റുകളിലും ബുധനാഴ്ച മുഖ്യമന്ത്രി അനുമോദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here