പൊള്ളിയടർന്ന ശരീരവുമായി ശ്രീധന്യ അലറി വിളിച്ചത് അമ്മയെ രക്ഷിക്കണമെന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ

0

കട്ടപ്പന: ഇലവനാതൊടിയിൽ കുടുംബത്തിലെ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഏവരോടും സൗഹൃദത്തോട് മാത്രം ഇടപെട്ടിരുന്ന വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. ഇവരുടെ ഏകമകൾ ശ്രീധന്യ ​ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുമാണ്. പുറ്റടി നെഹ്റു സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ് രവീന്ദ്രന്റെ മകൾ ശ്രീധന്യ. ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്സ് പരീക്ഷകൂടിയാണ് ബാക്കിയുണ്ടായിരുന്നത്. നന്നായി പഠിക്കുന്ന ശ്രീധന്യയെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കും എല്ലാം മികച്ച അഭിപ്രായമാണ്. കുടുംബപ്രശ്‌നങ്ങളൊന്നും സ്‌കൂളിൽ പങ്കുവെച്ചിരുന്നില്ലെന്നും എല്ലാവരോടും നല്ല ബന്ധം പുലർത്തിയിരുന്നു എന്നും അധ്യാപകർ പറയുന്നു.

തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് അയൽവാസികൾ രവീന്ദ്രന്റെ വീട്ടിൽനിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോൾ മകൾ ശ്രീധന്യ പൊള്ളിയടർന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാർ വെള്ളം നൽകുകയും തുടർന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.

രവീന്ദ്രനും ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായി കത്തി നശിച്ച നിലയിലാണ്. കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്‌പോഞ്ചിന്റെ ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നാണ് പൊലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്തെ കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നതെന്നാണ് കരുതുന്നത്. ഈ കട്ടിലിന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല.

ഈ വീട്ടിൽ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത്. തീ പടർന്നതിനെത്തുടർന്ന് ഇതിൽ 2 ഷീറ്റുകൾ പൊട്ടി മുറിയിലേക്ക് പതിച്ചിട്ടുണ്ട്. 2 ജനലുകളാണ് ഈ മുറിയിലുള്ളത്. ഒരെണ്ണത്തിന് തടികൊണ്ടുള്ള പാളിയും രണ്ടാമത്തേതിനു ഗ്ലാസ് പാളിയുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ജനലിന്റെ ഗ്ലാസ് പൊട്ടിയിട്ടുണ്ടെങ്കിലും തകർന്നു വീണിട്ടില്ല. മുറിയിൽ ഉണ്ടായിരുന്ന തടി അലമാരയുടെയും സ്റ്റീൽ അലമാരയുടെയും ചില്ലുകൾ പൊട്ടിത്തകർന്ന നിലയിലാണ്. ശ്രീധന്യയുടെ പാഠപുസ്തങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫും പുസ്തങ്ങളും കത്തിനശിച്ചു. തയ്യൽ മെഷീൻ, ബക്കറ്റ്, അലമാരയ്ക്കു മുകളിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി.

‘അമ്മയെ രക്ഷിക്കണേ…’ ഗുരുതരമായി പൊള്ളലേറ്റ് വീടിനു പുറത്തിറങ്ങിയ ശ്രീധന്യ ഓടിയെത്തിയ നാട്ടുകാരോട് ആദ്യം ആവശ്യപ്പെട്ടത് ഇക്കാര്യമാണ്. ശ്രീധന്യയുടെ നിലവിളിയും ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടാണ് രവീന്ദ്രന്റെ വീട്ടിലേക്ക് നാട്ടുകാർ ഓടിയെത്തിയത്. അവിടെ ഏവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തീ പടർന്ന് വസ്ത്രങ്ങൾ കത്തിനശിച്ച് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ് വീട്ടുമുറ്റത്ത് അവശയായി ഇരിക്കുന്ന ശ്രീധന്യയെയാണ് നാട്ടുകാർ കണ്ടത്.

എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നാട്ടുകാരോട് തീപിടിച്ച് അമ്മ അകത്തുണ്ടെന്നും രക്ഷിക്കണമെന്നും തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് ശ്രീധന്യ ആവശ്യപ്പെട്ടത്. മുറിയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആസ്ബസ്റ്റോസ് ഷീറ്റ് ഉൾപ്പെടെ പൊട്ടുന്ന ശബ്ദവും തീ പടരുന്ന സാഹചര്യമായതും രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തി.

ഇതിനിടെ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. തുടർന്ന് വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാൻ ശ്രമം തുടങ്ങി. പൊള്ളലേറ്റ ശ്രീധന്യയെ കാറിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആരോഗ്യനില മോശമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മുറിയിലെ തീ അണച്ചശേഷം പൊലീസിന്റെ നേതൃത്വത്തിലാണ് രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിനും രവീന്ദ്രൻ അയച്ചിരുന്നതായി പൊലീസ്. അണക്കര സ്വദേശിയായ സുഹൃത്ത് മുഖേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. അത് പൂർണമായി തിരികെ കൊടുത്തിരുന്നില്ല.

അതിനുള്ള കുറച്ച് പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നും അത് തികയില്ലെന്ന് അറിയാമെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. യാത്ര ചോദിക്കുകയാണെന്നും കുറിപ്പിലുണ്ട്. വിശദ വിവരങ്ങൾ തങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഇടുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ ഇട്ടിട്ടുള്ളതെന്നാണ് വിവരം.

കാര്യമായ അടച്ചുറപ്പില്ലാത്ത വീടിന്റെ സ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം പുതിയ വീട് നിർമിക്കാൻ അനുമതിയായിരുന്നെങ്കിലും അതിന്റെ പണി ആരംഭിക്കുന്നതിനു മുൻപാണ് ഇലവനാതൊടിയിൽ കുടുംബത്തിൽ ദുരന്തം ഉണ്ടായത്. അണക്കരയിൽ ജ്യോതി സ്‌റ്റോഴ്‌സ് എന്ന പേരിൽ സോപ്പ് പൊടിയും മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ.

മുൻപ് കടശ്ശിക്കടവിൽ താമസിച്ചിരുന്ന ഇദ്ദേഹവും കുടുംബവും 2 വർഷം മുൻപാണ് പുറ്റടിയിലേക്കു താമസം മാറ്റിയത്. ഹാളും ഒരു കിടപ്പുമുറിയും അടുക്കളയും അടങ്ങുന്ന വീടാണെങ്കിലും കിടപ്പുമുറിക്കു മാത്രമാണ് അടച്ചുറപ്പുള്ളത്. ഹാളിന്റെ ഒരുവശത്ത് ഇഷ്ടികയ്ക്കു പകരം ആസ്ബസ്റ്റോസ് ഷീറ്റാണ് കുത്തിനിർത്തിയിരിക്കുന്നത്. ഇതിന്റെ വലതുവശത്താണ് തീപിടിച്ച കിടപ്പുമുറി. ഈ മുറിക്കു പിന്നിലായി ഷീറ്റു കൊണ്ട് മറച്ചാണ് അടുക്കള നിർമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here